അഭിഷേകത്തിനായി നർമദയിൽ ഒഴുക്കിയത് 11,000 ലിറ്റർ പാൽ; ആചാരത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്ത് -വിഡിയോ

അനുപ്പൂർ (മധ്യപ്രദേശ്): ചൈത്ര നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെ നർമദ നദിയിൽ പതിനായിരക്കണക്കിന് ലിറ്റർ പാൽ അഭിഷേകത്തിനായി ഒഴുക്കി. അനുപ്പൂർ ജില്ലയിലെ അമർകണ്ഠക്കിന് സമീപം നടന്ന ആചാരത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളും രൂക്ഷവിമർശനവുമായി രംഗത്തെത്തി.

ശ്രീ ദാദാജി ദർബാർ പാതാലേശ്വർ മഹാദേവ് ക്ഷേത്രത്തിന്റെ നേതൃത്വത്തിലായിരുന്നു 'അഭിഷേക'ത്തിന്റെ പേരിൽ ഈ വഴിപാട്. ഏപ്രിൽ എട്ടിന് നടന്ന ചടങ്ങിൽ മാത്രം 11,000 ലിറ്റർ പാലാണ് നദിയിലേക്ക് ഒഴുക്കിയത്. മാർച്ച് 18 മുതൽ ഏപ്രിൽ 7 വരെ നീണ്ടുനിന്ന മഹായജ്ഞത്തിന്റെ ഭാഗമായി ദിവസവും 151 ലിറ്റർ പാലും പ്രത്യേക ആഘോഷ ദിവസം 1,100 ലിറ്റർ പാലും നർമദയിൽ ഒഴുക്കിയിരുന്നതായി സംഘാടകർ അറിയിച്ചു.

നർമദയുടെ തീരത്ത് അഞ്ച് ഏക്കറിലായി തയാറാക്കിയ കൂറ്റൻ പന്തലിലായിരുന്നു ചടങ്ങുകൾ. 41 ടൺ നെയ്യ്, ഔഷധക്കൂട്ടുകൾ, സ്വർണം, വെള്ളി എന്നിവ ഹോമത്തിനായി ഉപയോഗിച്ചതായും 151 ഭക്തർ ചേർന്ന് ദുർഗാപാഠം ചൊല്ലിയതായും സംഘാടകനായ പവൻ പവാർ പറഞ്ഞു. നർമദയെ മാതാവായാണ് ആരാധിക്കുന്നതെന്നും പൊതുക്ഷേമത്തിനായാണ് ബാബ (ക്ഷേത്ര മേധാവി) ഇത്തരമൊരു വഴിപാട് സംഘടിപ്പിച്ചതെന്നും ഭക്തർ അവകാശപ്പെടുന്നു.

അതേസമയം, പുണ്യനദിയെ മലിനമാക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമാണ് ഉയരുന്നത്. നദിയിൽ അമിതമായി പാൽ ഒഴിക്കുന്നത് 'ബയോമെഡിക്കൽ ഓക്സിജൻ ഡിമാൻഡ്' (BOD) വർധിപ്പിക്കുമെന്നും ഇത് ജലത്തിലെ ഓക്സിജന്റെ അളവ് കുറച്ച് മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നാശത്തിന് കാരണമാകുമെന്നും പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ദരിദ്രരായ കുട്ടികൾക്ക് വിതരണം ചെയ്യാമായിരുന്ന പാൽ പുഴയിലൊഴുക്കി പാഴാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണങ്ങളാണ് വരുന്നത്. പാലും പണവും ആരുടേതായാലും നദി രാജ്യത്തെ എല്ലാ പൗരന്മാരുടേതുമാണെന്നും അത് മലിനമാക്കാൻ ആർക്കും അവകാശമില്ലെന്നും സന്ദേശങ്ങൾ വന്നു. നർമദയെ അമ്മയെന്ന് വിളിക്കുകയും അതേസമയം തന്നെ മലിനമാക്കി കൊല്ലുകയും ചെയ്യുന്നത് വിരോധാഭാസമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

Tags:    
News Summary - 11,000 liters of milk poured into Narmada for Abhishekam; Environmentalists protest against the practice - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.