ന്യൂഡൽഹി: രാജ്യത്തെ ഓൺലൈൻ വ്യാപാര രംഗത്ത് പോയവർഷം വൻ കുതിപ്പ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2025ലെ ഇന്ത്യയുടെ ഇ-റീടെയിൽ മൊത്ത വ്യാപാര മൂല്യം (ജി.എം.വി) ഏകദേശം 6500-6600 കോടി യു.എസ് ഡോളറായി (ഏകദേശം 6.02- 6.11 ലക്ഷം കോടി രൂപ) ഉയർന്നതായി ഫ്ലിപ്കാർട്ടുമായി ചേർന്ന് ബെയിൻ ആൻഡ് കമ്പനി നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു.
ഇത് 19 മുതൽ 21 വരെ ശതമാനം വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയുടെ ഇ-റിട്ടെയിൽ മാർക്കറ്റ് 2030ഓടെ 17,000 കോടി മുതൽ 18,000 കോടി വരെ യു.എസ് ഡോളറായി ഉയരുമെന്നും ‘ഇന്ത്യ എങ്ങനെ ഓൺലൈനിൽ വ്യാപാരം നടത്തുന്നു’ എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ രംഗത്ത് 20 ശതമാനത്തിലേറെ വാർഷിക വളർച്ച രേഖപ്പെടുത്തും.
ക്വിക് കോമേഴ്സിൽ (ദ്രുത വ്യാപാരം) ഇന്ത്യ ആഗോള നേതൃനിരയിലേക്ക് ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇ-കോമേഴ്‌സ് ജി.എം.വിയുടെ 16-17 ശതമാനവും ക്വിക് കോമേഴ്സ് വഴിയാണ് ലഭിക്കുന്നത്. ചൈന അടക്കം മിക്ക വിപണികളേക്കാളും വളരെ മുന്നിലാണിത്. ജി.എസ്.ടി ഇളവുകൾ, ആദായനികുതി ഇളവ്, പണപ്പെരുപ്പം ലഘൂകരിക്കൽ, കുറഞ്ഞ വായ്പാ നിരക്കുകൾ എന്നിവ കാരണം സ്വകാര്യ ഉപഭോഗ വളർച്ച 2025ൽ എട്ടിൽനിന്ന് (2022-24) 10.5 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയുടെ ഓൺലൈൻ ഷോപ്പിങ് വിപണിയുടെ വളർച്ച ഇരട്ടിയിലധികമാണ്. ഇ-വ്യാപാരത്തിന്റെ ഉപഭോക്താക്കളിൽ 40-45 ശതമാനം കൈയടക്കിയത് ജെൻസി തലമുറയാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.