ന്യൂഡൽഹി: ആകാശച്ചുഴിയിൽപെട്ട ഡൽഹി-ശ്രീനഗർ വിമാനത്തിന് പാകിസ്താൻ വ്യോമപാത നിഷേധിച്ചതായി റിപ്പോർട്ട്. ശ്രീനഗറിലേക്ക് പറന്ന ഇൻഡിഗോയുടെ 6E 2142 വിമാനത്തിലെ പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് അനുമതി തേടിയെങ്കിലും നിരസിച്ചുവെന്നാണ് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
തൃണമൂൽ കോൺഗ്രസ് എംപിമാർ ഉൾപ്പെടെ 220-ലധികം യാത്രക്കാരുമായി പറന്നയുർന്ന വിമാനം ആകാശച്ചുഴിയിൽ പെടുകയായിരുന്നു. കടുത്ത ആലിപ്പഴ വർഷവും ഉണ്ടായെന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച അമൃത്സറിന് മുകളിലൂടെ പറക്കുമ്പോഴാണ് സംഭവം. ആകാശച്ചുഴിയിൽ പെട്ട് ആടിയുലഞ്ഞ വിമാനത്തിൽ യാത്രക്കാർ നിലവിളിക്കുകയും കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഏറെ ആശങ്കൾക്കൊടുവിൽ പൈലറ്റിന്റെ മനസാന്നിധ്യം കൊണ്ട് ശ്രീനഗറിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും വ്യോമാതിർത്തി അടച്ചിരുന്നു.
ആകാശച്ചുഴി( എയർ ടർബുലൻസ് )
അന്തരീക്ഷത്തിലെ വായു സുഗമമായി നീങ്ങാത്തപ്പോഴാണ് എയർ ടർബുലൻസ് സംഭവിക്കുന്നത്. ഈ സമയത്ത് വായു മുകളിലേക്കും, താഴേക്കും, ഒരു വശത്ത് നിന്നും മറ്റൊരു വശത്തേക്കും നീങ്ങും. സാധാരണ നേർരേഖയിലാണ് കാറ്റിന്റെ സഞ്ചാരം. ഇത് വിമാനയാത്രക്ക് അനുയോജ്യമാണ്. ഇതിനെ ലാമിനാർ പ്രവാഹം എന്നാണ് വിളിക്കുന്നത്.
എന്നാൽ, ഇങ്ങനെ നേർ രേഖയിൽ സഞ്ചരിക്കുന്ന കാറ്റിന്റെ കാലാവസ്ഥ, പർവതങ്ങൾ, അല്ലെങ്കിൽ മാറ്റ് കാരണങ്ങൾ കൊണ്ട് അസ്വസ്ഥമാകും. ഇത് വായു മറ്റ് ദിശകളിലേക്ക് തെന്നി മാറാൻ കാരണമാക്കുന്നു. വിമാനം പറക്കുമ്പോൾ കുലുക്കം അനുഭവപ്പെടുകയും വിമാനം വ്യോമയാന പാതയിൽ നിന്നും തെന്നി മാറി അപകടം സംഭവിക്കാനും ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.