ചെന്നൈ: പൊതുമുതൽ നശിപ്പിച്ച കേസിൽ തമിഴ്നാട് സ്പോർട്സ് മന്ത്രി ബാലകൃഷ്ണ റെഡ്ഡിക്ക് മൂന്നുവർഷത്തെ തടവുശിക്ഷ. ചെന്നൈ പ്രത്യേക കോടതിയുടെ വിധിയെ തുടർന്ന് റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. കോടതിയിൽ നിന്ന് ഒൗദ്യോഗിക വാഹനമൊഴിവാക്കി ചെന്നൈ ഗ്രീംസ് റോഡിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വസതിയിൽചെന്നാണ് രാജിക്കത്ത് കൈമാറിയത്. പിന്നീട് മുഖ്യമന്ത്രി നിയമവിദഗ്ധരുമായും മുതിർന്ന മന്ത്രിമാരുമായും കൂടിയാലോചന നടത്തിയതിനുശേഷം രാജി സ്വീകരിച്ചു. രാജിക്കത്ത് ഗവർണർക്ക് അയച്ചിട്ടുണ്ട്.
’98ൽ ഡി.എം.കെ ഭരണകാലത്ത് വിഷമദ്യദുരന്തത്തിൽ 33 പേർ മരിച്ച സംഭവമായി ബന്ധപ്പെട്ട് ഹൊസൂരിൽ നടന്ന പ്രതിഷേധ സമര പരിപാടിക്കിടെ കല്ലേറിലും മറ്റും ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ തകർക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് റെഡ്ഡിയടക്കം 108 പേർക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ 16 പേർ കുറ്റവാളികളാണെന്ന് കോടതി കണ്ടെത്തി. ബാലകൃഷ്ണ റെഡ്ഡിക്ക് മൂന്നുവർഷത്തെ തടവിന് പുറമെ 10,500 രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. മേൽക്കോടതിയിൽ അപ്പീൽ സമർപ്പിക്കുന്നതുവരെ ശിക്ഷ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള റെഡ്ഡിയുടെ അപേക്ഷ സ്വീകരിച്ച കോടതി ശിക്ഷ താൽക്കാലികമായി തടഞ്ഞ് ജാമ്യമനുവദിച്ചു.
അതേസമയം, ജനപ്രാതിനിധ്യ നിയമപ്രകാരം ബാലകൃഷ്ണ റെഡ്ഡിയുടെ മന്ത്രിപദവിയും എം.എൽ.എ സ്ഥാനവും നിയമപരമായി നിലനിർത്താനാവില്ലെന്ന് ഉപദേശം ലഭിച്ചതിനെ തുടർന്നാണ് രാജി വെക്കാൻ തീരുമാനിച്ചത്. ഇരുപതു വർഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസാണിതെന്നും ചൊവ്വാഴ്ച ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നും റെഡ്ഡി അറിയിച്ചു. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ നിയമസഭ മണ്ഡലത്തിൽനിന്നാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.