പട്ന: ബിഹാറിൽ എൻ.ഡി.എ നേതൃത്വത്തിലുള്ള നിതീഷ് കുമാർ സർക്കാറിന് പിന്തുണ നൽകാമെന്ന് എ.ഐ.എം.ഐ.എം തലവൻ അസദ്ദുദ്ദീൻ ഉവൈസി. സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലിനോട് മുഖ്യമന്ത്രി നിതീഷ് കുമാർ നീതി കാണിക്കാനും വർഗീയതയെ അകറ്റി നിർത്താനും തയാറായാൽ സർക്കാറിന് പിന്തുണ നൽകാമെന്ന് ഉവൈസി അറിയിച്ചു.
സീമാഞ്ചൽ മേഖലയിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ ഹൈദരാബാദ് എം.പി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നിമയമസഭാ തെരഞ്ഞെടുപ്പിൽ സീമാഞ്ചലിൽ എ.ഐ.എം.ഐ.എം അഞ്ചു സീറ്റുകൾ നേടിയിരുന്നു. ‘സംസ്ഥാനത്തെ പുതിയ സർക്കാറിന് ഞങ്ങൾ ആശംസകൾ നേരുന്നു. സീമാഞ്ചൽ മേഖലയോട് നീതി പുലർത്തുകയും വർഗീയതയെ അകറ്റി നിർത്തുകയും ചെയ്താൽ സർക്കാറിനോട് പൂർണമായി സഹകരിക്കും’ -ഉവൈസി പറഞ്ഞു. സീമാഞ്ചലിലേക്ക് വലിയ തോതിൽ നുഴഞ്ഞുകയറ്റം നടക്കുന്നതായും ഇത് മേഖലയിൽ ജനസംഖ്യ അസന്തുലിതാവസ്ഥ ഉണ്ടാക്കിയെന്നും സംസ്ഥാന സർക്കാറിലെ ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പി കുറ്റപ്പെടുത്തിയിരുന്നു. എ.ഐ.എം.ഐ.എം മുസ്ലിംകൾക്ക് വേണ്ടി മാത്രമല്ല , സീമാഞ്ചലിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയാണ് പോരാടുന്നത്. മേഖലയിൽ വലിയൊരു വിഭാഗം ആദിവാസി, ദലിത് സമൂഹങ്ങൾ ജീവിക്കുന്നുണ്ട്. പുതിയ സർക്കാർ അവഗണിക്കപ്പെട്ട ഈ മേഖലക്കും ശ്രദ്ധകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വികസനം പട്ന, രാജ്ഗിർ മേഖലയിൽ മാത്രം ഒതുങ്ങിപോകരുതെന്നും ഉവൈസി കൂട്ടിച്ചേർത്തു.
നളന്ദ ജില്ലയിലെ പ്രമുഖ ബുദ്ധമത തീർഥാടന കേന്ദ്രമാണ് രാജ്ഗിർ. നിതീഷ് കുമാറിന്‍റെ മണ്ഡലം കൂടിയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ഫിലിം സിറ്റി ഉൾപ്പെടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി മണ്ഡലത്തിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇൻഡ്യ സഖ്യത്തിലെ ആർ.ജെ.ഡിയെയും ഉവൈസി രൂക്ഷമായി വിമർശിച്ചു. ബി.ജെ.പിയെ തടഞ്ഞുനിർത്താമെന്ന് പറഞ്ഞ് മുസ്ലിംകളിൽനിന്ന് വോട്ടു ചോദിക്കുന്ന ആർ.ജെ.ഡിക്ക് അതിനു കഴിയില്ലെന്ന് തെരഞ്ഞെടുപ്പോടെ വ്യക്തമായി. ആർ.ജെ.ഡി പുനർവിചിന്തനം നടത്തണമെന്നും ഉവൈസി ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭയിൽ 72 സീറ്റുണ്ടായിരുന്നു ആർ.ജെ.ഡിക്ക് ഇത്തവണ 25 സീറ്റുകൾ മാത്രമാണ് നേടാനായത്.
പത്താം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രിയും 18 മന്ത്രിമാരും രണ്ട് ഉപമുഖ്യമന്ത്രിമാരും അടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയുമാണ് ഉപമുഖ്യമന്ത്രിമാർ. ഇത് രണ്ടാംതവണയാണ് വിജയ് കുമാർ സിൻഹ ഉപമുഖ്യമന്ത്രിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.