പട്ന: ബിഹാറിൽ രാഷ്ട്രീയ നീക്കുപോക്കുകൾക്ക് സന്നദ്ധതയറിയിച്ചിട്ടും ഇൻഡ്യ സഖ്യം തിരിഞ്ഞുനോക്കിയില്ലെന്ന് എ.ഐ.എം.ഐ.എം പാർട്ടി അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. വരാനിരിക്കുന്ന ബീഹാർ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകൾ നൽകിയാൽ ഇൻഡ്യ സഖ്യത്തിൽ ചേരാൻ തയ്യാറാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതൃത്വവുമായി തന്റെ പാർട്ടി പലതവണ ബന്ധപ്പെട്ടുവെങ്കിലും അനുകൂലമായ പ്രതികരണമുണ്ടായില്ലെന്നും ഉവൈസി പറഞ്ഞു.
‘ഞങ്ങൾ ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കും. സഖ്യത്തിൽ ചേരാനുള്ള സന്നദ്ധത അറിയിച്ച് പാർട്ടി ബിഹാർ അധ്യക്ഷനും എം.എൽ.എയുമായ അഖ്തറുൽ ഇമാൻ, ലാലു പ്രസാദ് യാദവിന് രണ്ട് കത്തുകളെഴുതി. തേജസ്വി യാദവിനും കത്തുനൽകിയിരുന്നു. കേവലം ആറ് സീറ്റാണ് ആവശ്യപ്പെട്ടത്. സഖ്യം അധികാരത്തിലെത്തിയാൽ മന്ത്രിസ്ഥാനം പോലും വേണ്ടെന്ന് അറിയിച്ചു. ആകെ ആവശ്യമായി മുന്നോട്ടുവെച്ചത് അധികാരത്തിൽ വന്നാൽ ഒരു സീമാഞ്ചൽ വികസന ബോർഡ് സ്ഥാപിക്കണമെന്നതാണ്. ഇതിൽ കൂടുതൽ ഞങ്ങൾക്ക് എന്തുചെയ്യാനാവും?’- ഉവൈസി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2020 ലെ ബീഹാർ തെരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധയാകർഷിച്ച സീമാഞ്ചൽ മേഖലയിൽ അഞ്ചുസീറ്റുകൾ നേടിയായിരുന്നു എ.ഐ.എം.ഐ.എമ്മിൻറെ പ്രകടനം. എന്നാൽ, പിന്നീട് ജയിച്ച സ്ഥാനാർഥികളിൽ നാലുപേർ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആർ.ജെ.ഡിയിലേക്ക് മാറി.
‘ഞങ്ങൾ ബി.ജെ.പിയുടെ ബി-ടീം ആണെന്നാണ് അവർ പറയുന്നത്. അതേസമയം, ഞങ്ങളുടെ നാല് എം.എൽ.എമാരെ കൊണ്ടുപോകാൻ അവർക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല.’-ഉവൈസി കൂട്ടിച്ചേർത്തു.
ആർ.ജെ.ഡിയുമായി സഖ്യത്തിന് കിണഞ്ഞുപരിശ്രമിക്കുന്ന എ.ഐ.എം.ഐ.എം നേതൃത്വത്തെയാണ് കഴിഞ്ഞയാഴ്ച ബിഹാറിലെ രാഷ്ട്രീയരംഗത്ത് കാണാനായത്. ലാലുവിന്റെയും വസതിക്ക് മുന്നിൽ വാദ്യമേളങ്ങളോടെ തങ്ങളുടെ ഭാഗം വിശദീകരിച്ച് നോട്ടീസ് വിതരണം ചെയ്യുന്നത് വരെ കാര്യങ്ങളെത്തി.
ആർ.ജെ.ഡി എം.എൽ.എമാർ വഴിയടക്കം ഇൻഡ്യ സഖ്യവുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് അക്താറുൽ ഇമാൻ വ്യക്തമാക്കി. എന്നാൽ, എ.ഐ.എം.ഐ.എം ഇക്കുറി മത്സരത്തിൽ നിന്ന് മാറി നിൽക്കണമെന്ന രീതിയിലായിരുന്നു പ്രതികരണം ലഭിച്ചത്. തങ്ങളുടെ നാല് എം.എൽ.എമാരെ തട്ടിയെടുത്തവരായിട്ടുകൂടി ആർ.ജെ.ഡിയുമായി സഖ്യത്തിന് തയ്യാറായിരുന്നു. ഒവൈസിക്കും പാർട്ടിക്കും സീമാചൽ മേഖലയോട് ഉത്തരവാദിത്വമുണ്ട്. ബി.ജെ.പിയോട് തങ്ങളെ ചേർത്തുവെക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് ബിഹാറുകാർക്ക് അറിയാമെന്നും അക്താറുൽ ഇമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.