ന്യൂഡൽഹി: പാകിസ്താനുള്ളിലേക്ക് 100 കിലോ മീറ്റർ കടന്നുകയറി തീവ്രവാദ ക്യാമ്പുകൾ ആക്രമിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെയാണ് അമിത് ഷായുടെ പരാമർശം. ആർമി, നേവി, എയർഫോഴ്സ് എന്നിവരെ അഭിനന്ദിച്ചാണ് ഇന്ത്യ രംഗത്തെത്തിയത്.
ഗുജറാത്തിലെ ഗാന്ധിനഗറിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അമിത് ഷായുടെ പരാമർശം. ഭീഷണിക്ക് മുമ്പിൽ ഇന്ത്യ വഴങ്ങുമെന്നാണ് ഭീകരവാദികൾ വിചാരിച്ചിരുന്നത്. എന്നാൽ, നമ്മുടെ സേനകൾ അവർക്ക് ശക്തമായ മറുപടി നൽകിയെന്ന് അമിത് ഷാ പറഞ്ഞു.
പാകിസ്താനുള്ളിലേക്ക് 100 കിലോ മീറ്റർ വരെ കടന്നുകയറിയായിരുന്നു ഇന്ത്യയുടെ ആക്രമണം. പാകിസ്താന്റെ 11 വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു. ഇത് വ്യോമാക്രമണം നടത്താനുള്ള പാകിസ്താന്റെ ശേഷി ഇല്ലാതാക്കി. സിവിലയൻമാർക്ക് നാശമുണ്ടാക്കാതെയായിരുന്നു ആക്രമണങ്ങളെന്നും അമിത് ഷാ പറഞ്ഞു.
നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് ശേഷം കൃത്യതയോടെയാണ് മോദി ഓരോ ആക്രമണവും നടത്തിയത്. ഇതിനെ ലോകം മുഴുവൻ അദ്ഭുതത്തോടെയാണ് വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടത്തിയ ഇന്ത്യൻ സേനാംഗങ്ങളെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് നേരെ ഇനിയും ഭീകരരുടെ ആക്രമണമുണ്ടായാൽ കനത്ത തിരിച്ചടിയാവും നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.