ഗ്യാനേഷ് കുമാർ രാജിവെക്കും വരെ പോരാട്ടമെന്ന് പ്രതിപക്ഷം; ഉച്ചവിരുന്നിൽ നിന്ന് ഉച്ചവെയിലിലേക്ക്...
ന്യൂഡൽഹി: ബുധനാഴ്ചയും രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്ക്. ഇൻഡ്യ സഖ്യ എം.പിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നൽകിയ ഉച്ചവിരുന്നാണ് പൊലീസിനെ വട്ടം കറക്കി പ്രതിപക്ഷം അപ്രതീക്ഷിത സമരത്തിലേക്ക് വഴിമാറ്റിയത്.
പൊതുവേ ജൻപഥ് പത്തിലെ വസതിയിലാണ് ഖാർഗെ വിരുന്ന് സംഘടിപ്പിക്കാറ്. അതും അത്താഴം. കീഴ്വഴക്കം മാറ്റി ഉച്ചഭക്ഷണമാക്കിയതും ഭക്ഷണം കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ കൊണാട്ട് പ്ലേസിലെ ഹോട്ടലിലേക്ക് ആക്കിയതും സമരത്തിനുള്ള കോപ്പുകൂട്ടലാണെന്ന കിംവദന്തി പരന്നിരുന്നു. എന്നാൽ, എന്താണ് പദ്ധതിയെന്ന് പുറത്തുവന്നില്ല.
വിരുന്ന് കൊണാട്ട് പ്ലേസിലാണ് നടക്കുന്നതെന്ന് അറിഞ്ഞതിന് പിന്നാലെ വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചു. നടക്കാൻ മാത്രം ദൂരമുള്ള സമരസിരാകേന്ദ്രമായ ജന്തർമന്തറിലേക്കുള്ള, കൊണാട്ട് പ്ലേസിൽ നിന്നുള്ള റോഡും പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു.
ഒരു മണിയോടെ എം.പിമാർ ഹോട്ടലിലേക്ക് എത്തിത്തുടങ്ങി. ഒന്നരയോടെ രാഹുലും പ്രിയങ്കയും എത്തി. ഹോട്ടലിനുപുറത്ത് മാധ്യമപ്രവർത്തകരും വൻതോതിൽ പ്രവർത്തകരും നിറഞ്ഞു.
രണ്ടരയോടെ ശീതീകരിച്ച മൂന്ന് വലിയ ബസുകൾ ഹോട്ടലിനുപുറത്ത് എത്തിയതോടെ സമരത്തിനുള്ള ഒരുക്കമാണെന്ന് ഉറപ്പായി. എന്ത് സമരമാണെന്നോ, എവിടേക്കാണെന്നോ ആർക്കും വിവരം നൽകിയില്ല. പത്ത് മിനിറ്റിനകം എം.പിമാർ പുറത്തുവന്ന് ബസിലേക്ക് കയറി. പിന്നാലെ ഖാർഗെ, രാഹുൽ, പ്രിയങ്ക, കെ.സി. വേണുഗോപാൽ, കക്ഷി നേതാക്കൾ തുടങ്ങിയവർ കാത്തിരുന്ന മാധ്യമപ്രവർത്തകരുടെ അടുത്തേക്കുവന്നു. ആകാശവാണിക്കുസമീപം പ്രതിഷേധിക്കാൻ അനുവാദമില്ലെന്ന് പൊലീസ് ഇന്നലെ പറഞ്ഞുവെന്നും അതുകൊണ്ട് ഞങ്ങൾ പ്രതിഷേധം ജന്തർ മന്തറിലേക്ക് മാറ്റുകയാണെന്നും പറഞ്ഞു. തനിക്കെതിരെ 100 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല, രാജ്യദ്രോഹി ഗ്യാനേഷ് രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്നും രാഹുൽ പ്രഖ്യാപിച്ചു.
മൂന്നുമണിയാകുമ്പോഴേക്ക് എം.പിമാരെല്ലാം ബസിൽ കയറി ജന്തർമന്തർ ലക്ഷ്യമാക്കി പുറപ്പെട്ടു. പ്രവർത്തകർ വാഹനത്തിന് മുന്നിലും പിന്നിലുമായി സമരകേന്ദ്രം ലക്ഷ്യമാക്കി നീങ്ങി. ജന്തർമന്തറിലേക്കുള്ള സൻസദ് മാർഗ് പൊലീസ് തടഞ്ഞതിനാൽ വാഹനം ജൻപഥ് വഴി മുന്നോട്ടുനീങ്ങി. ജൻപഥിൽനിന്നും ടോൾസ്റ്റോയ് മാർഗ് വഴിയും കേരള ഹൗസിന് പിന്നിലൂടെയുള്ള ചെറുവഴിയും ബാരിക്കേഡ് വെച്ച് തടഞ്ഞതോടെ ബസ് പതിയെ അശോക റോഡ് ലക്ഷ്യംവെച്ചു.
കൊണാട്ട് പ്ലേസിൽനിന്ന് രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള അശോകാ റോഡിലേക്ക് തിരിയുന്ന ഗോൾചക്രയിൽ എത്താൻ ഒന്നര മണിക്കൂർ സമയമെടുത്തു. ഇവിടേക്ക് എത്തുമ്പോഴേക്ക് ബസിനുള്ളിലെ എയർ ഡോർ വഴി ദീപേന്ദർ ഹൂഡ, ഇമ്രാൻ പ്രതാപ്ഗഡി, രാജാ വാറിങ്, ഇമ്രാൻ മസൂദ് എന്നിവർ ബസിന് മുകളിൽ കയറി രാജ്യത്തിന്റെ പതാകവീശി.
മോദിയുടെ ഭരണനേതൃത്വത്തിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് വെച്ച ബാനറുകളും ബി.ജെ.പി കൊടികളും നശിപ്പിച്ചു.പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചതോടെ രംഗം സംഘർഷത്തിലേക്ക് നീങ്ങി. ഇതോടെ രാഹുൽ ഗാന്ധി ബസിൽ നിന്ന് പുറത്തിറങ്ങി മുന്നോട്ടുനീങ്ങി. പ്രിയങ്കയും മറ്റ് എം.പിമാരും കൂടെ എത്തി. പൊലീസ് തടഞ്ഞതോടെ പ്രിയങ്ക, മഹുവ മൊയ്ത്ര അടക്കമുള്ള വനിതാ എം.പിമാർ റോഡിൽ കിടന്ന് പ്രതിഷേധം ആരംഭിച്ചു. പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ നിരത്തിവെച്ച വാഹനങ്ങളുടെ ചില്ല് പ്രവർത്തകർ അടിച്ചുതകർത്തു.
ആറുമണിയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കേരള ഹൗസിൽനിന്ന് നടന്ന് ഇവിടേക്കെത്തി. ഈ സമയം എം.പിമാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കാൻ തുടങ്ങിയിരുന്നു. പത്തിലധികം വരുന്ന പൊലീസ് സംഘം രാഹുലിനെ വലിച്ചിഴച്ച് വാനിലേക്ക് കയറ്റാൻ ശ്രമം ആരംഭിച്ചു. നിരവധി തവണ പൊലീസുകാരിൽനിന്നും രാഹുൽ കുതറിമാറി. വാഹനത്തിന്റെ വാതിലിൽ ചവിട്ടി രാഹുൽ പിന്നോട്ടുവന്നതോടെ കൂടുതൽ പൊലീസെത്തി പണിപ്പെട്ടാണ് അകത്തേക്ക് കയറ്റിയത്. രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നത് പ്രവർത്തകർക്കൊപ്പം തടയുന്നതിനിടെ ഷാഫി പറമ്പിൽ എം.പിക്ക് പരിക്കേറ്റു.
തൊട്ടുപിന്നാലെ പ്രിയങ്കയെ കസ്റ്റഡിയിലെടുക്കാൻ വനിതാ പൊലീസുകാർ ശ്രമം ആരംഭിച്ചു. നാല് വനിതാ പൊലീസുകാർ ഏറെ പണിപ്പെട്ടിട്ടും പ്രിയങ്കയെ എഴുന്നേൽപിക്കാനായില്ല. കൂടുതൽ പൊലീസുകാരെത്തിയാണ് ബസിനടുത്തെത്തിച്ചത്. കൈയിലുണ്ടായിരുന്ന ഭരണഘടനാ കോപ്പി ഉയർത്തിപ്പിടിച്ച് പ്രിയങ്ക പൊലീസ് വാഹനത്തിന്റെ വാതിലിൽ തൂങ്ങിപ്പിടിച്ചു. അകത്തേക്ക് കയറ്റാൻ പൊലീസിന് കഴിയാതെ വന്നതോടെ വാഹനം മുന്നോട്ടുനീങ്ങി. ഓടിയെത്തിയ പ്രവർത്തകർ ബസ് തടഞ്ഞു. മുകളിൽ കയറിയും പ്രതിഷേധിച്ചു. തൊട്ടുപിന്നാലെ വി.ഡി. സതീശനെ കേരള എം.പിമാർക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് വാഹനം ബ്ലോക്കിൽ കുടുങ്ങിയതോടെ എം.പിമാരെല്ലാം പുറത്തിറങ്ങി.
പൊലീസ് സാന്നിധ്യം കുറഞ്ഞ സ്ഥലത്ത് രാഹുലിന്റെ വാഹനം എത്തിയതോടെ ഓടിയെത്തിയ പ്രവർത്തകർ വാഹനം തടഞ്ഞ് ചില്ല് അടിച്ചുപൊട്ടിച്ചു. ടയറിലെ കാറ്റ് അഴിച്ചുവിട്ടു. പ്രതിസന്ധിയിലായ പൊലീസ് മറ്റൊരു വാഹനമെത്തിച്ച് രാഹുലിനെ ബാരഖംബ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നാലെ പ്രവർത്തകരും നേതാക്കളും സ്റ്റേഷനിലെത്തി പ്രതിഷേധം ആരംഭിച്ചു.
സ്റ്റേഷനകത്തേക്ക് എം.പിമാരെ വിടാൻ പൊലീസ് തയാറായില്ല. വി.ഡി. സതീശനെയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും കയറ്റണമെന്ന് എം.പിമാർ ആവശ്യപ്പെട്ടിട്ടും തയാറായില്ല. തന്നെ അറസ്റ്റ് ചെയ്തോളൂ, ഇവിടെ നിന്നും അനങ്ങില്ല എന്ന് വി.ഡി. സതീശൻ പറഞ്ഞതോടെയാണ് കയറ്റിവിട്ടത്.എട്ടുമണിക്ക് വി.ഡി. സതീശൻ സ്റ്റേഷനകത്തുനിന്നും പുറത്തേക്കുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.