പാറ്റകളെ പൂട്ടാൻ വലവിരിച്ച് ഡൽഹി പൊലീസ്
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ഒക്ടോബർ 10-ന് നടത്താനിരിക്കുന്ന പ്രതിഷേധത്തിന് അനുമതി നൽകിയിട്ടില്ലെങ്കിലും ഡൽഹി പൊലീസ് കടുത്ത മുൻകരുതൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. നീറ്റ് സമരത്തിൽ പങ്കെടുത്ത പ്രവർത്തകരും അവർക്ക് യാത്രാ-താമസ സൗകര്യങ്ങൾ ഒരുക്കാൻ സഹായിച്ചവരും ഇതിനകം തന്നെ കർശന നിരീക്ഷണത്തിലാണ്. ഡൽഹി പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിന്റെ 20 കമ്പനികളെ ജന്തർ മന്തറിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം വഴി ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കണ്ടെത്തിയ 2,800-ഓളം പേരെ നിരീക്ഷിക്കാനും, ഇവർ സമരത്തിനായി തലസ്ഥാനത്തേക്ക് വരുന്നുണ്ടോ എന്ന് പരിശോധിക്കാനും നഗരത്തിലെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശമെത്തിയിട്ടുണ്ട്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ പത്തിന് ജന്തർ മന്ദറിൽ നടക്കുന്ന സംയുക്ത പ്രതിഷേധം പ്രഖ്യാപിച്ച് വിദ്യാർഥി സംഘടനകൾ ഡൽഹിയിൽ വാർത്താ സമ്മേളനം വിളിച്ചപ്പോൾ. ആദർശ് സജി (എസ്.എഫ്.ഐ), സൗരവ് ദാസ് (സി.ജെ.പി), നേഹ ബോറ (ഐസ), വിരാജ് ദേവാങ്ക്, ഇഷാന ഗുപ്ത (ആപ്) തുടങ്ങിയ നേതാക്കളെ കാണാം
മുൻ സമരത്തിന് ബസുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിയവരെ കണ്ടെത്താനും പ്രാദേശിക ബസ് ഓപ്പറേറ്റർമാരെ നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്. ആരൊക്കെയാണ് ബസുകൾ വാടകയ്‌ക്കെടുക്കുന്നത്, എത്ര ആളുകളാണ് യാത്ര ചെയ്യുന്നത് തുടങ്ങിയ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
അതിനു പുറമെ, വിദ്യാർഥികൾ സമരത്തിൽ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർവകലാശാലാ-കോളജ് അധികൃതർക്കുമേലും സമ്മർദം ആരംഭിച്ചു. വിദ്യാർഥികൾ താമസിക്കുന്ന വീടുകളുടെയും സ്വകാര്യ ഹോസ്റ്റലുകളുടെയും ഉടമകളെ സമീപിച്ച് അവരെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രവേശന കേന്ദ്രങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. തടഞ്ഞാൽ പ്രവർത്തകർ അവിടങ്ങളിൽ കുത്തിയിരുന്ന് സമരം ചെയ്യുമെന്ന സാധ്യത കണക്കിലെടുത്ത്, ഡൽഹിയുടെ മറ്റ് ഭാഗങ്ങളിൽ സമരം നടത്താൻ അനുവദിക്കരുതെന്നും സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടുതൽ സമരക്കാർ എത്തി അറസ്റ്റ് വരിച്ചാൽ, അവരെ പാർപ്പിക്കുന്നതിനായി നഗരത്തിലെ വിവിധ സ്റ്റേഡിയങ്ങളിൽ താൽക്കാലിക തടങ്കൽ കേന്ദ്രങ്ങൾ സജ്ജമാക്കുന്നതിനെക്കുറിച്ചും പൊലീസ് ചർച്ച ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിൽ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പാർലമെന്റ് മാർച്ചിൽ പൊലീസിനെ ഞെട്ടിച്ച് ആയിരക്കണക്കിന് യുവജനങ്ങൾ അണിനിരന്നിരുന്നു. അന്ന് വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ നടപടികളാണ് സമരം കൂടുതൽ ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.