ജന്തർമന്തർ സമരം: രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കസ്റ്റഡിയിൽ
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം ജന്തർമന്തറിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പൊലീസ് ക്രൂരമായി മർദിച്ചെന്നാരോപിച്ച് പ്രിയങ്ക ഗാന്ധി നിലത്ത് കിടന്നു പ്രതിഷേധിച്ചു.
കേരളത്തിൽ നിന്നുൾപ്പെടെയുള്ള എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിഷേധ മുഖത്ത് എത്തി. നിലവിൽ പ്രദേശത്ത് വലിയ സംഘർഷ സാഹചര്യമാണ് ഉള്ളത്. ഡെറിക് ഒബ്രയാൻ ഉൾപ്പെടെയുള്ള എം.പിമാരെ കസ്റ്റഡിയിലെടുത്തു.
പ്രതിഷേധക്കാരെ കടത്തി വിടാതിരിക്കാൻ ജന്തർമന്തറിലേക്കുള്ള രണ്ടു റോഡുകളിലും പൊലീസ് പ്രതിരോധം തീർത്തിട്ടുണ്ട്. പിന്നോട്ടില്ല എന്ന നിലപാടിലാണ് എം.പിമാർ. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് വൻ സംഘർഷത്തിന് ഇടയാക്കി. പ്രതിഷേധക്കാർ പൊലീസ് വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ടു.
തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ ആകാശവാണി ഭവനിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഡൽഹി പൊലീസ് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ ചുമത്തിയിരുന്നു. തനിക്കെതിരെ രജിസ്റ്റർ ചെയ്യുന്ന ഓരോ എഫ്.ഐ.ആറും നെഞ്ചിലെ മെഡൽ പോലെയാണെന്നും, കേസുകളെ ഭയന്ന് പിന്മാറില്ലെന്നുമാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. നിലവിൽ 45 എഫ്.ഐ.ആറുകൾ തന്‍റെ പേരിലുണ്ടെന്നും 100 ആക്കുകയാണ് ലക്ഷ്യമെന്നും രാഹുൽ എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.