രാഹുലിനെ വലിച്ചിഴച്ചു, തൂക്കിയെടുത്ത് പൊലീസ് വാനിൽകയറ്റി; നാലുടയറും പഞ്ചറാക്കി പ്രവർത്തകർ; ക്രൂരമായി മർദിച്ചതായി എ.എ.റഹീം
ന്യൂഡൽഹി: പ്രക്ഷുബ്ധമായ മണിക്കൂറുകൾക്കാണ് രാജ്യതലസ്ഥാനം ഇന്ന് സാക്ഷ്യം വഹിച്ചത്. ലോക്സഭാ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കളെ തെരുവിൽ പൊലീസും പട്ടാളവും നേരിട്ടു. എം.പിമാരെ കൈയേറ്റം ചെയ്തു. നടുറോഡിൽ കിടന്ന് എം.പിമാർ പ്രതിഷേധിച്ചു. ഗുരുതര ആരോപണം നേരിടുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ നടുറോഡിൽനിന്ന് വലിച്ചിഴച്ച് തൂക്കിയെടുത്താണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. ഉച്ചകഴിഞ്ഞ് ആരംഭിച്ച പ്രതിഷേധത്തിനിടെ പ്രവർത്തകരെ പൊലീസ് മർദിക്കുന്നത് കണ്ട് രാഹുൽ ഇടപെട്ടപ്പോഴായിരുന്നു ഇത്. റോഡിൽ കിടന്നു പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിൽ എടുത്തു. കേരളത്തിൽനിന്നടക്കമുള്ള ഇൻഡ്യസഖ്യം എം.പിമാരെയും മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ള നേതാക്കളെയും കസ്റ്റഡിയിൽ എടുത്തു. എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കി. ഒടുവിൽ രാഹുൽ ഗാന്ധിയെ ബാരാക്കമ്പ സ്റ്റേഷനിൽ എത്തിച്ച് വിട്ടയച്ചു.
രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപലും അടക്കമുള്ളവരെ കയറ്റി പോയ പൊലീസ് വാഹനത്തിന്റെ ടയർ പ്രവർത്തകർ പഞ്ചറാക്കി. ഇതോടെ വാഹനം ഒരടി മുന്നോട്ടുനീങ്ങാനാവാതെ റോഡിൽ കിടന്നു. പകരം വാഹനമെത്തിച്ചാണ് ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വാഹനത്തിനു ചുറ്റും മുകളിലും പ്രവർത്തകർ തടിച്ചുകൂടിയതോടെ പൊലീസിന് ഇവരെ ഉടൻ മാറ്റാൻ കഴിഞ്ഞില്ല. പിന്നീട് കിങ്സ്‌വേ ക്യാംപിലേക്കു മാറ്റി. പ്രതിഷേധക്കാരെ വിവിധ സ്ഥലങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തു നീക്കിയതായി പൊലീസ് അറിയിച്ചു.
ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ‘രാജ്യത്തെ ഏറ്റവും പവിത്രമായ തിരഞ്ഞെടുപ്പ് സംവിധാനത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പ്രതിഷേധത്തെ തടയാനാവില്ല’ -പൊലീസ് കസ്റ്റഡിയിലിരിക്കെ രാഹുൽ ഗാന്ധി പറഞ്ഞു.
പൊലീസ് തങ്ങളായി ക്രൂരമായി മർദിച്ചതായി സി.പി.എം രാജ്യസഭാംഗം എ.എ.റഹീം എം.പിയും പറഞ്ഞു. ‘‘മലയാളി മാധ്യമ പ്രവർത്തകനെയും പൊലീസ് ആക്രമിച്ചു. അതിനുശേഷമാണ് രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് കൊണ്ടുവന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവിനെയാണ് ചവിട്ടിത്തൊഴിച്ച് പൊലീസ് കൊണ്ടുവന്നത്. എംപിമാരുടെയോ പ്രതിപക്ഷ നേതാവിന്റെയോ പ്രിവിലേജ് പൊലീസ് പരിഗണിച്ചില്ല. നാല് ടയറുകളും പഞ്ചറായ വാഹനമാണ് അപകടകരമായ രീതിയിൽ പൊലീസ് ബാരാക്കമ്പ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്നത്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരാണ് ആ വാഹനത്തിൽ ഉണ്ടായിരുന്നത്’’ – റഹീം പറഞ്ഞു.
രാഹുൽ ഗാന്ധിയെ കാണാൻ ബാരാക്കമ്പ പൊലീസ് സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനെ 15മിനിറ്റോളം പൊലീസ് തടഞ്ഞു. രാഹുലിനെ കാണാൻ അനുവദിക്കുന്നില്ലെങ്കിൽ തങ്ങളെയും അറസ്റ്റ് ചെയ്യണമെന്ന് വി.ഡി.സതീശൻ പൊലീസിനോടു പറഞ്ഞു. പിന്നാലെ അദ്ദേഹത്തെയും എംപിമാരെയും സ്റ്റേഷനിലേക്ക് കടത്തിവിടാൻ പൊലീസ് തയാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.