മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നിയമന നിയമത്തിലെ ഭിന്നവിധി റദ്ദാക്കൽ; ഹർജി പരിശോധിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമന നിയമത്തിലെ ഭിന്നവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിശോധിക്കാമെന്ന് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിശോധിക്കാമെന്ന് വ്യക്തമാക്കിയത്. സെപ്റ്റംബർ 23നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ വലിയ ബെഞ്ചിന് വിടുന്നത് സംബന്ധിച്ച് രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചത്.

ജസ്റ്റിസ് ദീപാങ്കർ ദത്തയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും അടങ്ങിയ ബെഞ്ചാണ് മുമ്പ് വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. വലിയ ബെഞ്ചിന്റെ പരിഗണന ആവശ്യമില്ലെന്ന നിലപാടാണ് ജസ്റ്റിസ് ദത്ത എടുത്തതെങ്കിൽ, അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണന വേണമെന്നായിരുന്നു ജസ്റ്റിസ് ശർമയുടെ പക്ഷം. അഭിപ്രായവ്യത്യാസത്തെ തുടർന്ന് വിഷയം ഉചിതമായ ബെഞ്ചിന്റെ രൂപീകരണത്തിനായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

സെപ്റ്റംബർ 23ലെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ വിഷയം ഉന്നയിച്ചു. ഹർജി വിശദമായി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കാമെന്ന് സി.ഐ.ജെ. വ്യക്തമാക്കി.

ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയുടെ മകൻ മധ്യപ്രദേശ് ഹൈക്കോടതിയിൽ തെഞ്ഞെടുപ്പ് കമ്മീഷന്റെ സ്റ്റാൻഡിങ് കൗൺസിലാണെന്ന വസ്തു ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ പക്ഷപാതപരമായ ആശങ്ക ഉന്നയിച്ചാണ് റദ്ദാക്കൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഇത് ആരോപണം മാത്രമാണെന്നും സുപ്രീം കോടതിയുടെ അന്തിമ കണ്ടെത്തലല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഈ ഭിന്നവിധിക്കെതിരെ മറ്റൊരു കക്ഷി ക്യൂറേറ്റീവ് ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. ക്യൂറേറ്റീവ് ഹർജി അതിന്റെതായ രീതിയിൽ മുന്നോട്ടുപോകേണ്ടതാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയും അടങ്ങുന്ന സമിതിയാണ് പുതിയ നിയമപ്രകാരം സി.ഇ.സി., ഇ.സി. എന്നിവരെ തിരഞ്ഞെടുക്കുന്നത്. ഇതിലെ സി.ഐ.ജിയുടെ ഒഴിവാക്കലാണ് സുപ്രീം കോടതിയിലെ പ്രധാന നിയമപരമായ വെല്ലുവിളി.ഈ ഹർജിയിൽ കോടതി എടുക്കുന്ന തീരുമാനം ഈ നിയമത്തിനെതിരെയുള്ള ഹർജികളുടെ തുടർനടപടികളെ നിർണായകമായി സ്വാധീനിക്കും.

Tags:    
News Summary - SC to Examine Plea Seeking Recall of Split Verdict on CEC Appointment Law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.