രാഹുലിനെ കാണാൻ അനുവദിച്ചില്ല, അറസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ച് വി.ഡി. സതീശൻ
ന്യൂഡൽഹി: വോട്ടുകൊള്ള സമരത്തിനിടെ, പ്രതിപക്ഷ എം.പിമാർക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശനും കസ്റ്റഡിയിൽ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ച കഴിഞ്ഞ് വി.ഡി. സതീശൻ കേരള ഹൗസിൽ എത്തിയപ്പോഴാണ് സമരം അറിയുന്നത്. ആറോടെ കേരള ഹൗസിൽ നിന്ന് നടന്ന് അശോക റോഡിലെ ഗോൾചക്ര പരിസരത്തെത്തിയ അദ്ദേഹം സമരത്തിന്റെ ഭാഗമായി.
രാഹുൽ ഗാന്ധിയെ ബാരഖംബ സ്റ്റേഷനിൽ എത്തിച്ചതറിഞ്ഞ് വി.ഡി. സതീശനും ഇവിടേക്കെത്തി. രാഹുലിനെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. രാഹുലിനെ കാണാൻ അനുവദിക്കുന്നില്ലെങ്കിൽ തന്നെ അറസ്റ്റ് ചെയ്തോളാൻ മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടു. 15 മിനിറ്റോളം തടഞ്ഞ ശേഷമാണ് വി.ഡി. സതീശനെ സ്റ്റേഷനിലേക്ക് കടത്തിവിട്ടത്.
ഇന്ത്യയുടെ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതിച്ചേർക്കുന്ന സമരമാണ് ഇപ്പോൾ നടക്കുന്നതെന്നും, കേരളത്തിന്‍റെ പിന്തുണകൂടി അറിയിക്കാനാണ് താൻ സമരത്തിന്‍റെ ഭാഗമായി ചേർന്നതെന്നും രാഹുലിനെ കണ്ട ശേഷം വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവിന് ജന്തർ മന്തറിൽ സമരം ചെയ്യാൻ അനുവദിക്കാത്ത അധികൃതരുടെ നടപടിയെ അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു. സ്വേച്ഛാപരമായ നടപടികളെടുക്കുന്ന സർക്കാറിനെതിരെ പ്രതിഷേധം ശക്തമായി തുടരും. രാജ്യത്തിനുവേണ്ടിയുള്ള ഈ പോരാട്ടത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും ഇൻഡ്യ സഖ്യം വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.