നരേന്ദ്ര മോദിയും ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗെയും

‘മോദി വിഷ്ണുവിന്റെ അവതാരം’; ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കിയതിന് ആശംസ നേർന്ന് ഭൂട്ടാൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിഷ്ണുവിന്റെ അവതാരം’ എന്ന് വിശേഷിപ്പിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി. ബുധനാഴ്ച രാവിലെ പങ്കുവെച്ച എക്സ് പോസ്റ്റിലൂടെയാണ് മോദിക്ക് അഭിനന്ദനവുമായി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗെ രംഗത്തെത്തിയത്.

2019ൽ ന്യൂഡൽഹിയിൽവെച്ച് താൻ മോദിയെ കണ്ടുമുട്ടിയത് അനുസ്മരിച്ച ഭൂട്ടാൻ പ്രധാനമന്ത്രി, ഒരു ജ്യേഷ്ഠനെപ്പോലെയും വിഷ്ണുവിന്റെ അവതാരത്തെപ്പോലെയുമാണ് നരേന്ദ്ര മോദിയെ കാണുന്നതെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ സാധ്യതകളെക്കുറിച്ചും മറ്റും ഇന്ത്യക്കാർക്ക് വലിയ ആത്മവിശ്വാസം നൽകാൻ മോദിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുസേവനത്തിലും ഭരണാധികാരിയായും 25 വർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി ലോകനേതാക്കൾ ആശംസകൾ നേർന്നു. ജപ്പാൻ പ്രധാനമന്ത്രി സനായ തകൈചി, ഫിലിപ്പീൻസ് പ്രസിഡന്റ് ബോങ്ബോങ് മാർക്കോസ്, ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ, നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ, നൈജീരിയൻ പ്രസിഡന്റ് നൈജീരിയ ബോല അഹ്മദ് ടിനുബു, ബോട്സ്വാന പ്രസിഡന്റ് ദുമ ഗിഡിയൻ ബോക്കോ എന്നിവരും മോദിയുടെ ഭരണനേട്ടത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. നല്ല ഭരണക്രമം, നവീകരണം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ ഇന്ത്യയെ ലോകവേദിയിൽ മുൻനിരയിലെത്തിക്കാൻ മോദിക്ക് കഴിഞ്ഞതായി നേതാക്കൾ അഭിനന്ദന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

പൊതുസേവന രംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വാരണാസിയിലും വഡ്നഗറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ജനങ്ങളാണ് എന്റെ ദൈവമെന്നും തന്റെ പൊതുജീവിതത്തിൽ തന്നെ എതിർത്തവർ ജനാധിപത്യത്തിന്റെ യഥാർഥ കരുത്ത് മനസിലാക്കാൻ സഹായിച്ചതായി നരേന്ദ്ര മോദി ‘വികസിത് ഭാരത് സങ്കൽപ് സഭ’യിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു.

‘‘രാജ്യത്തിനു വേണ്ടി കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കാനും രാപ്പകലില്ലാതെ ജനങ്ങളെ സേവിക്കാനും ദൈവം എനിക്ക് കരുത്ത് നൽകട്ടെ. ഇന്ന് ഞാൻ എന്താണോ, എവിടെയാണോ, അതിനൊക്കെ ഉത്തരവാദിയും ജനങ്ങളാണ്, എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങളാണ് ദൈവം. രാജ്യത്തെ പൗരന്മാരോടാണ് എനിക്ക് കൂടുതൽ അവകാശമുള്ളത്’’ – എന്ന് നരേന്ദ്ര മോദി പരിപാടിക്കിടെ വ്യക്തമാക്കി.

Tags:    
News Summary - "PM Modi is an Incarnation of Lord Vishnu": Bhutan PM Praises Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.