പാക് അധീന പ്രദേശങ്ങളിൽ പ്രത്യാക്രമണം നടത്താൻ ഇന്ത്യൻ സൈന്യം ഉപയോഗിച്ചത് അത്യാധുനിക മിസൈലുകളും ഡ്രോണുകളും. പൊതുവിൽ ആയുധശേഖരത്തില്‍ സമ്പന്നമാണ് ഇന്ത്യ.
പ്രതിരോധ ചെലവ് കൂടിയ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്. ബ്രഹ്മോസ് നിര്‍ഭയ് പോലുള്ള ക്രൂയിസ് മിസൈലുകളും പൃഥ്വി, അഗ്നി പോലുള്ള ബാലിസ്റ്റിക് മിസൈലുകളും ഉൾപ്പെടെ ഇന്ത്യ തദ്ദേശീയമായിത്തന്നെ വലിയ തോതിൽ ആയുധങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞദിവസം പാകിസ്താനിൽ ആക്രമണം വിതച്ചത് സ്കാള്‍പ് മിസൈലുകളും ഹാമ്മർ ബോംബുകളുമായിരുന്നു.
ബ്രിട്ടീഷ് എയ്റോസ്പേസും ഫ്രഞ്ച് കമ്പനിയായ എം.ബി.ഡി.എയും ചേര്‍ന്നാണ് സ്കാള്‍പ് മിസൈല്‍ വികസിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ ഇതിനെ സ്റ്റോം ഷാഡോ എന്നും ഫ്രാന്‍സില്‍ സ്കാള്‍പ്-ഇജി എന്നും മിസൈലിനെ വിളിക്കുന്നു. ഫ്രാൻസിന്റെ വിഖ്യാതമായ അപ്പാഷേ ആന്റി റണ്‍വേ ക്രൂയിസ് മിസൈലിനെ മാതൃകയാക്കി നിർമിച്ച സ്കാൾപ് ഇന്ത്യ പാകിസ്താനിൽ പ്രയോഗിച്ചത് റഫാൽ പോർ വിമാനത്തിലാണ്.
25 വർഷമായി പല രാജ്യങ്ങളിലും ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇറാഖ്, സിറിയ, ലിബിയ തുടങ്ങി രാജ്യങ്ങളൊക്കെ മിസൈൽ കനത്ത പ്രഹരം സൃഷ്ടിച്ചു. യുക്രെയ്ൻ റഷ്യക്കുമേലും ഈ മിസൈൽ പ്രയോഗിച്ചു.
സ്കാള്‍പ് മിസൈലിന് ഏകദേശം 1300 കിലോ ഭാരമുണ്ട്. 48 സെന്റിമീറ്റര്‍ വ്യാസമുള്ള ബോഡിയും ചിറകുകള്‍ക്ക് 304 സെന്റിമീറ്റര്‍ വലുപ്പവുമുണ്ട്. 250 കിലോമീറ്റര്‍ ദൂരത്തുള്ള ലക്ഷ്യം ഭേദിക്കാന്‍ ഈ മിസൈലിന് സാധിക്കും.
റഫാൽ കരാറിന്റെ ഭാഗമായിട്ടാണ് ഇന്ത്യക്ക് ഈ മിസൈൽ ലഭിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള ഓരോ റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കും രണ്ട് സ്കാള്പ മിസൈലുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. റഫാല്‍ യുദ്ധവിമാനങ്ങളും സുഖോയ് -24 വിമാനങ്ങളും ഉള്‍പ്പടെ വിവിധങ്ങളായ വിമാനങ്ങളില്‍നിന്നും സ്കാള്‍പ് വിക്ഷേപിക്കാനാവും.
ജി.പി.എസും ഭൂപ്രദേശത്തിന്റെ മാപ്പും അടിസ്ഥാനമാക്കിയാണ് സ്കാള്‍പ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുക. ഇന്‍ഫ്രാറെഡ് സാങ്കേതിക വിദ്യയിലൂടെ ലക്ഷ്യസ്ഥാനം കൃത്യമാക്കാനും ഇതിനു കഴിയും.
ഇതും ഫ്രാൻസ് വികസിപ്പിച്ചതാണ്. സഫ്രാന്‍ ഇലക്ട്രോണിക്സ് ആൻഡ് ഡിഫന്‍സ് എന്ന കമ്പനിയാണ് ഹാമര്‍ നിര്‍മിക്കുന്നത്. ബങ്കറുകളും ബഹുനില കെട്ടിടങ്ങളും ഉൾപ്പെടെ ശക്തിയേറിയ നിര്‍മിതികള്‍ തകര്‍ക്കാനാണ് ഇത് ഉപയോഗിക്കുന്നത്. 50 മുതല്‍ 70 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് ഇതു വിക്ഷേപിക്കാനാവും. ഹാമർ ബോംബുകളെ വഹിച്ചതും റഫാൽ വിമാനങ്ങളായിരുന്നു.
ആക്രമണം ശക്തമാക്കാൻ നിരീക്ഷണ ഡ്രോണുകളും ഇന്ത്യ ഉപയോഗിച്ചു. തദ്ദേശീയമായി വികസിപ്പിച്ച നാഗാസ്ത്ര പോലെയുള്ള വിവിധ ഡ്രോണുകള്‍ പ്രയോഗിച്ചതായി സൈനിക വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.