പ്രതീകാത്മക ചിത്രം
ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ അപ്രതീക്ഷിതമായി മേലേക്ക് ചാടിവീണ് ആക്രമിക്കാൻ ശ്രമിച്ച പുള്ളിപ്പുലിയെ തന്റെ കൈകൾകൊണ്ട് നേരിട്ട് വിദ്യാർഥി. ഒടുവിൽ ജീവൻ രക്ഷിക്കാനായി അടുത്തുകിടന്ന കല്ലുകൊണ്ട് മൃഗത്തെ കൊല്ലുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഐ.ടി.ഐ രണ്ടാം വർഷ വിദ്യാർഥിയായ പ്രവേശ് ശർമ്മ (18) എന്ന യുവാവാണ് പുള്ളിപ്പുലിയെ നേരിട്ടത്. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ പ്രവേശ് അർക്കി പ്രദേശത്തെ സാർലി ഗ്രാമത്തിൽ പാൽ ശേഖരിക്കാൻ പോകുമ്പോഴാണ് അപ്രതീക്ഷിത ഏറ്റുമുട്ടൽ നടന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
വീട്ടിൽ നിന്ന് ഏതാനും മീറ്റർ അകലെനിന്നാണ് പുള്ളിപ്പുലി തന്റെ നേരെ ചാടിവീണതെന്ന് ശർമ പറയുന്നു. സ്വയം രക്ഷിക്കാനുള്ള ശ്രമത്തിൽ, കഴുത്തിൽ ആക്രമിക്കുന്നത് തടയാൻ അയാൾ മൃഗത്തിന്റെ താടിയെല്ലുകളിൽ പിടിച്ചുവെച്ചു. പോരാട്ടം 10 മിനിറ്റിലധികം തുടർന്നു. സഹായത്തിനായി പ്രവേശ് നിലവിളിക്കുന്നുണ്ടായിരുന്നു. സമീപത്ത് കിടന്നിരുന്ന കല്ലുകൾ ഉപയോഗിച്ച് പുള്ളിപ്പുലിയുടെ താടിയെല്ലുകളിലും നഖങ്ങളിലും ആവർത്തിച്ച് അടിച്ചു. ഒടുവിൽ മൃഗം ചത്തു. ഏറ്റുമുട്ടലിൽ യുവാവിന്‍റെ കൈകൾക്കും തോളിലും കാലുകൾക്കും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്.
പിന്നീട് ആർക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ സന്ദർശിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ധൈര്യത്തെ പ്രശംസിക്കുകയും അടിയന്തര സഹായമായി 5,000 രൂപ കൈമാറുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് പുള്ളിപ്പുലിയെ കാണുന്നതും അത് ജനങ്ങളെ ആക്രമിക്കുന്നതും പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മാർച്ച് ആറിന് ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനെ ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. 2025 ഡിസംബറിൽ മാണ്ഡി ജില്ലയിലെ ഗ്രാമങ്ങളിൽ നടന്ന മറ്റൊരു സംഭവത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.