ബംഗളൂരുവിലെ വിദ്യാർഥി ഭവൻ റസ്റ്റാറന്റിനുള്ളിൽ എൽപിജി ഗ്യാസ് സംരക്ഷിക്കുന്നതിനായി ഓഫ് ചെയ്യുന്നു. (റോയിട്ടേഴ്‌സ്)
ന്യൂഡൽഹി/ബംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള ഇന്ത്യയിലെ വാണിജ്യ എൽ.പി.ജി ക്ഷാമം വിതരണത്തെ ഗുരുതരമായി ബാധിക്കുന്നു. ഇറാനെതിരെയുള്ള യു.എസ്-ഇസ്രായേൽ ആക്രമണങ്ങളെത്തുടർന്ന് ഹുർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ രാജ്യത്തെ ഹോട്ടലുകൾ, അലക്കുനിലയങ്ങൾ, ഓട്ടോറിക്ഷകൾ തുടങ്ങിയവയുടെ പ്രവർത്തനം താളംതെറ്റി.
ഇന്ത്യയുടെ എൽ.പി.ജി ഇറക്കുമതിയുടെ 80 ശതമാനവും കടന്നുപോകുന്നത് ഹുർമുസ് കടലിടുക്ക് വഴിയാണ്. പ്രതിസന്ധി രൂക്ഷമായതോടെ ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പാചകവാതകം ഉറപ്പാക്കാൻ സർക്കാർ അടിയന്തര അധികാരം ഉപയോഗിച്ച് നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറയുകയും വിപണിയിൽ വലിയ ക്ഷാമം അനുഭവപ്പെടുകയും ചെയ്തു.
ബംഗളൂരുവിലെ ഹോട്ടലുകൾ പലതും ഇതിനകം തന്നെ പ്രവർത്തന സമയം വെട്ടിക്കുറച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ നഗരത്തിലെ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ബംഗളൂരു ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. പല ഹോട്ടലുകളും മെനുവിൽ മാറ്റം വരുത്തിത്തുടങ്ങി. കൂടുതൽ ഗ്യാസ് ആവശ്യമുള്ള വിഭവങ്ങൾ ഒഴിവാക്കി ലഘുഭക്ഷണങ്ങൾ മാത്രമാണ് ഇപ്പോൾ ചിലയിടങ്ങളിൽ നൽകുന്നത്.
തമിഴ്നാട്ടിലും സമാന സ്ഥിതിയാണ്. ഫ്രൈഡ് റൈസ്, അപ്പം തുടങ്ങിയ വിഭവങ്ങൾ ചെന്നൈയിലെ പല ഹോട്ടലുകളും മെനുവിൽ നിന്ന് ഒഴിവാക്കി. കൊവിഡ് ലോക്ക്ഡൗണിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹോട്ടൽ ഉടമകൾ പ്രതികരിച്ചു.
മുംബൈയിലെ പ്രസിദ്ധമായ മഹാലക്ഷ്മി ധോബി ഘട്ടിലടക്കമുള്ള അലക്കുനിലയങ്ങളെ ക്ഷാമം ബാധിച്ചു. തുണികൾ ഉണക്കുന്ന യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ എൽ.പി.ജി ലഭിക്കാത്തത് മൂലം ഓർഡറുകൾ ദിവസങ്ങളോളം വൈകുകയാണ്. കൊൽക്കത്തയിൽ എൽ.പി.ജിയിൽ ഓടുന്ന ഓട്ടോറിക്ഷകൾ ഇന്ധനത്തിനായി കിലോമീറ്ററുകളോളം ക്യൂ നിൽക്കുന്ന കാഴ്ചയാണുള്ളത്. ഇതോടെ പൊതുഗതാഗതവും ദുഷ്കരമായി.
പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കത്തയച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. ഒഡീഷ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹോട്ടൽ അസോസിയേഷനുകളും കേന്ദ്ര സർക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വിതരണം സാധാരണ നിലയിലായില്ലെങ്കിൽ ചെറുകിട വ്യവസായ മേഖലയെയും ഇത് ദോഷകരമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.