പാക് ഐ.എസ്‌.ഐക്ക് വേണ്ടി ചാരവൃത്തി; ഇന്ത്യൻ നേവിയിലെ ലാൻസ് നായിക്ക് അറസ്റ്റിൽ

ന്യൂഡൽഹി: പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്‌.ഐ വേണ്ടി ചാരവൃത്തി നടത്തിയതിനും തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിനും ഇന്ത്യൻ നേവിയിലെ ലാൻസ് നായിക്കിനെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു. യു.പിആഗ്ര സ്വദേശിയായ ലക്കി എന്ന ആദർശ് കുമാർ(24) അണ് പിടിയിലായത്.

ഐ.എസ്‌.ഐ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ത്യയെ ലക്ഷ്യം വച്ചുള്ള ചാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നുമുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടന്നായിരുന്നു അറസ്റ്റെന്ന് മുതിർന്ന യു.പി എ.ടി.എസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതി ഐ.എസ്‌.ഐയുമായി ആശയവിനിമയം നടത്തുകയും തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുകയും ചെയ്തതായി വിവരം ലഭിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എ.ടി.എസ് വിശദമായ അന്വേഷണം ആരംഭിക്കുകയും പ്രതിയെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നുവെന്നും എ.ടി.എസ് വ്യക്തമാക്കി. നാവികസേനയിൽ ലാൻസ് നായിക്കായി സേവനമനുഷ്ഠിച്ചിരുന്ന ഇയാൾ കൊച്ചിയിലെ സതേൺ നേവൽ കമാൻഡ് ഉദ്യോഗസ്ഥനാണ്.

ആദർശ് കുമാറിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഐ.എസ്‌.ഐ ഏജന്‍റിന് പണം കൈമാറിയതായും തന്ത്രപരമായി പ്രധാന നാവിക യുദ്ധക്കപ്പലുകളുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളും വിവരങ്ങളും ഇയാൾ പങ്കിട്ടതായും അധികാരികൾ അവകാശപ്പെടുന്നു.

തന്ത്രപ്രധാന നാവിക ആസ്തികളുടെ ചിത്രങ്ങളും വിശദാംശങ്ങളു പ്രതി പങ്കിട്ടത് ഗുരുതരമായ ദേശീയ സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കരുതുന്നതായും എ.ടി.എസ് വ്യക്തമാക്കി. ആദർശ് കുമാറിനെ കോടതിയിൽ ഹാജരാക്കി. കോടതി അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പങ്കിട്ട വിവരങ്ങളുടെ വ്യാപ്തി, ഐ.എസ്‌.ഐ ഏജന്‍റുമായുള്ള ബന്ധത്തിന്റെ ദൈർഘ്യം, ചാരവൃത്തി ശൃംഖലയിൽ മറ്റേതെങ്കിലും വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നിവ നിർണ്ണയിക്കാൻ അധികാരികൾ ഇപ്പോൾ അന്വേഷണം തുടരുകയാണ്.

Tags:    
News Summary - UP Anti-Terrorism Squad Arrests Navy Lance Naik For Spying For Pakistan's ISI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.