ന്യൂഡൽഹി: ബംഗളൂരു സ്ഫോടന കേസ് വിചാരണക്ക് ഒന്നരവർഷം കൂടി നീട്ടിനൽകണമെന്ന എൻ.ഐ.എ പ്രത്യേക കോടതിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ഇനി ഒരു കാരണവശാലും സമയം നീട്ടി നൽകില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എൻ കോടീശ്വർ സിങ് എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു. നാലുമാസത്തിനകം കേസ് തീർപ്പാക്കിയിട്ടില്ലങ്കിൽ പ്രതികള്‍ക്ക് ജാമ്യം നൽകുന്നത് പരിഗണിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
2008 ജൂലൈ 25ന് ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് സ്ഫോടനങ്ങളാണ് നടന്നത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തടിയന്റവിട നസീർ ഒന്നാം പ്രതിയായ കേസിൽ പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനി, പരപ്പനങ്ങാടി സ്വദേശി സക്കരിയ്യ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. കഴിഞ്ഞ 16 വർഷമായി ഈ കേസിന്റെ നിയമനടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്.
കേസിൽ ആകെ 32 പ്രതികളാണുള്ളത്. ഇതിൽ 31-ാം പ്രതിയാക്കപ്പെട്ട പി.ഡി.പി അധ്യക്ഷൻ അബ്ദുന്നാസിർ മഅ്ദനി ഒഴികെ ബാക്കി എല്ലാവരും ജയിലിലാണ്. സ്ഫോടനത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് മഅ്ദനിക്കെതിരായ കുറ്റം.
തടിയന്റവിട നസീറും സംഘവും സ്ഫോടനത്തിന് മുമ്പ് കുടകിലെ ലക്കിടിയിൽ വെച്ച് മഅ്ദനിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഗൂഢാലോചനയിൽ ഇദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു എന്നുമാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ മഅ്ദനി ഈ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചിട്ടുണ്ട്. ബംഗളൂരു സിറ്റി പൊലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവുമാണ് കേസ് അന്വേഷിച്ചത്. ലഷ്കർ-ഇ-തൊയ്ബ ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.