പാർലമെന്ററി ജനാധിപത്യം അപകടത്തിൽ; സ്പീക്കർക്കെതിരെയുള്ള പ്രമേയത്തെ പിന്തുണച്ച് കെ. രാധാകൃഷ്ണൻ എം.പി

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കറെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള പ്രമേയത്തെ ശക്തമായി പിന്തുണച്ച് സി.പി.എം പാർലമെന്ററി പാർട്ടി ലീഡറും ആലത്തൂർ എം.പിയുമായ കെ. രാധാകൃഷ്ണൻ ലോക്‌സഭയിൽ സംസാരിച്ചു. ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഇത്തരം ഒരു നീക്കം സഭയുടെ അന്തസ്സും നിഷ്പക്ഷതയും സംരക്ഷിക്കുന്നതിന് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ 1954-ൽ ജി.വി. മാവ്‌ലങ്കർ, 1966-ൽ ഹുകാം സിംഗ്, 1987-ൽ ബൽറാം ജാഖർ എന്നിവർക്കെതിരെയാണ് ഇതിനു മുൻപ് ഇത്തരം പ്രമേയങ്ങൾ വന്നിട്ടുള്ളത്. അന്നൊക്കെയും നിഷ്പക്ഷത ഉറപ്പാക്കാൻ ഡെപ്യൂട്ടി സ്പീക്കറായിരുന്നു ചർച്ചകൾക്ക് അധ്യക്ഷത വഹിച്ചിരുന്നത്. കഴിഞ്ഞ 12 വർഷമായി ലോക്‌സഭയിൽ ഡെപ്യൂട്ടി സ്പീക്കറുടെ സ്ഥാനം ഒഴിവായിക്കിടക്കുന്നത് പാർലമെന്ററി പാരമ്പര്യങ്ങളോടുള്ള ഗുരുതരമായ അവഗണനയാണ്. ഇത് കേവലം ഒരു നടപടിക്രമത്തിലെ വീഴ്ചയല്ല, മറിച്ച് ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ്.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഭയുടെ രക്ഷകനാകേണ്ട സ്പീക്കർ, പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അനുവദിക്കാതെ, നിയമങ്ങൾ അതിവേഗം പാസാക്കിയെടുക്കുന്ന ഒരു യന്ത്രമായി സഭയെ മാറ്റുകയാണ്.

ഇന്ത്യയുടെ വിദേശനയത്തിലും സാമ്പത്തിക തീരുമാനങ്ങളിലും വിദേശ ശക്തികളുടെ സമ്മർദ്ദം പ്രകടമാണ്. ഏത് രാജ്യത്തുനിന്ന് ക്രൂഡ് ഓയിൽ വാങ്ങണം എന്ന് പോലും അമേരിക്കയെപ്പോലുള്ള രാജ്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥ നമ്മുടെ പരമാധികാരത്തിന് ഭീഷണിയാണ്. ഇത്തരം ഗൗരവകരമായ വിഷയങ്ങളിൽ സഭയിൽ ചർച്ചകൾ അനുവദിക്കാത്തത് ജനാധിപത്യത്തിന്റെ അർത്ഥം നഷ്ടപ്പെടുത്തുന്നു. പാർലമെന്റിന് രാജ്യത്തിന്റെ സ്വയംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വതന്ത്രമായ നിലപാട് എടുക്കാൻ കഴിയുന്നില്ലെങ്കിൽ അത് നമ്മുടെ ജനാധിപത്യത്തിന്റെ പരാജയമാണെന്നും സഭയുടെ മര്യാദകൾ വീണ്ടെടുക്കാൻ ഈ പ്രമേയം അനിവാര്യമാണെന്നും കെ. രാധാകൃഷ്ണൻ എം.പി. കൂട്ടിച്ചേർത്തു.

Tags:    
News Summary - Parliamentary democracy in danger; K. Radhakrishnan MP supports resolution against Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.