ഗൊഹാന (ഹരിയാന): മൂന്നു വർഷങ്ങൾക്ക് മുമ്പ് ഹരിയാനയിലെ ഗൊഹാനയിലെ മദിന ഗ്രാമത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദർശനത്തിനെത്തിയിരുന്നു. അന്ന് രാഹുൽ കർഷകരുമായി ചർച്ചകൾ നടത്തുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് വയലുകൾ സന്ദർശിക്കാനിറങ്ങി. വയലുകളിൽ നെല്ല് നടുകയും അവിടെയുണ്ടായിരുന്ന കർഷകരുടെ ട്രാക്ടർ ഓടിക്കുകയും ചെയ്ത രാഹുലിന്റെ സന്ദർശനം സമൂഹ മാധ്യമങ്ങളിലും തരംഗമായിരുന്നു.
മദിനയിൽ ആഘോഷമായ സന്ദർശനം നടത്തി തിരികെ പോയ രാഹുൽ ഗാന്ധി മൂന്നു വർഷങ്ങൾക്ക് ശേഷം ഗ്രാമത്തിൽ വീണ്ടുമെത്തിയതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ചൊവ്വാഴ്ച രാവിലെയാണ് രാഹുൽ മദിന ഗ്രാമത്തിൽ എത്തിയത്. ഗ്രാമത്തിലെ കർഷകനായ സഞ്ജയ് മലികിന്റെ മകൾ തനുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു രണ്ടാം വരവ്. വിവാഹത്തിൽ പങ്കെടുക്കാനായി കുടുംബം രാഹുലിനെ നേരത്തേ ക്ഷണിച്ചിരുന്നു. ഗ്രാമത്തിലുണ്ടായിരുന്നവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരും ഏറെ ആവേശത്തോടെയാണ് രാഹുലിനെ സ്വീകരിച്ചത്.
മലികിന്റെ വീട്ടിലെത്തിയ രാഹുൽ, ഗൊഹാനയുടെ പ്രസിദ്ധമായ ജിലേബിയും ‘ചുർമ’ ഉൾപ്പെടെ പരമ്പരാഗത ഹരിയാൻവി വിഭവങ്ങൾ കഴിച്ചു. പ്രതിശ്രുത വധു അടക്കം മലികിന്റെ കുടുംബാംഗങ്ങളുമായി ഏറെനേരം സംവദിച്ച രാഹുൽ, പരമ്പരാഗത തലപ്പാവ് അണിഞ്ഞാണ് ചടങ്ങിൽ സംബന്ധിച്ചത്. ഏറെ തിരക്കിനിടയിലും വിവാഹത്തിൽ പങ്കെടുക്കാൻ സമയം കണ്ടെത്തിയ നേതാവിന് മലിക് ഉൾപ്പെടെയുള്ളവർ നന്ദി അറിയിച്ചു.
രാഹുൽ ഗാന്ധി ഗ്രാമത്തിൽ സന്ദർശനം നടത്തുമെന്നും വിവാഹച്ചടങ്ങിൽ പങ്കെടുക്കുമെന്നും മുൻകൂട്ടി അറിയിച്ചതിനെ തുടർന്ന് റോത്തക് എം.പി ദീപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. സഞ്ജയുടെ കുടുംബത്തോടൊപ്പം 20 മിനിറ്റ് ചിലവഴിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്. പ്രതിപക്ഷ നേതാവിന്റെ വരവിനെക്കുറിച്ച് മുൻകൂട്ടി അറിയിച്ചതിനാൽ ജില്ല ഭരണകൂടം മതിയായ സുരക്ഷയൊരുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.