മാർക്ക് കാർണി, നരേന്ദ്ര മോദി
ന്യൂഡൽഹി: ഇറാനെതിരെ ഇസ്രായേലും യു.എസും നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് ഹുർമുസ് കടലിടുക്ക് ഇറാൻ താത്ക്കാലികമായി അടച്ചതിനാൽ ഇന്ധനനീക്കത്തിന് ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സഹായ വാഗ്‌ദാനവുമായി കാനഡ. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യക്ക്, ദീർഘകാല അടിസ്ഥാനത്തിൽ എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും (എൽ.എൻ.ജി) വിതരണം ചെയ്യാൻ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.
വരും പതിറ്റാണ്ടുകളിൽ ഇന്ത്യയുടെ ഊർജ്ജ ആവശ്യകത കുത്തനെ വർധിക്കും. ഇത് എണ്ണ, വാതകം, ആവശ്യമായ ധാതുക്കൾ എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് അവസരങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യയിൽ സാമ്പത്തിക വളർച്ച തുടരുകയും വ്യാവസായിക പ്രവർത്തനങ്ങൾ വികസിക്കുകയും ചെയ്യുന്നതിനാൽ 2040 ആകുമ്പോഴേക്കും രാജ്യത്ത് ഊർജ ആവശ്യകത ഇരട്ടിയാകുമെന്ന് കാർണി അഭിപ്രായപ്പെട്ടു.
ഏകദേശം 2.5 ബില്യൺ ഡോളർ മൂല്യമുള്ള യുറേനിയം വിതരണ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നിട്ടുണ്ട്. ഇത് ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആണവോർജ പദ്ധതികൾക്ക് വലിയ കരുത്തേകും. പശ്ചിമ തീരത്തുനിന്നുള്ള എൽ.എൻ.ജി വിതരണത്തിലൂടെയും ക്ലീൻ ടെക്നോളജിക്ക് ആവശ്യമായ ധാതുക്കളിലൂടെയും ഇന്ത്യയുടെ ഹരിത ഊർജ പരിവർത്തനത്തിന് പിന്തുണ നൽകാൻ കാനഡ തയ്യാറാണെന്നും മാർക്ക് കാർണി പറഞ്ഞു.
ഹുർമുസ് കടലിടുക്ക് താത്ക്കാലികമായി അടച്ചതിനാൽ മറ്റ് വഴികൾ ഉപയോഗിച്ച് രാജ്യത്ത് ഇന്ധനം ലഭ്യമാക്കാനുള്ള സൗകര്യം ഇന്ത്യ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യക്കാവശ്യമായ എണ്ണ റഷ്യ നൽകുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സഹായവുമായി കാനഡയും രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.