13 വർഷത്തെ അബോധാവസ്ഥക്ക് അന്ത്യം; ഹരീഷ് റാണയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യാൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി: കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 31കാരന് ദയാവധം അനുവദിച്ച് സുപ്രീംകോടതി. പഞ്ചാബ് സർവകലാശാല വിദ്യാർഥിയായിരുന്ന ഹരീഷ് റാണയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യാനാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ജെ.ബി. പാർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

വില്യം ഷേക്സ്പിയറുടെ ഹാംലെറ്റിലെ "ജീവിക്കണോ മരിക്കണോ" (To be or not to be) എന്ന വരികൾ ഉദ്ധരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. രോഗിക്ക് സുഖപ്പെടുമെന്ന യാതൊരു പ്രതീക്ഷയുമില്ലാത്ത സാഹചര്യത്തിൽ, ചികിത്സ നൽകുക എന്ന ഡോക്ടറുടെ കടമ അവിടെ അവസാനിക്കുമെന്ന് കോടതി പറഞ്ഞു.

2013ൽ പഞ്ചാബ് സർവകലാശാലയിൽ പഠിക്കുമ്പോൾ താമസസ്ഥലത്തിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷ് റാണക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് 20 വയസ്സായിരുന്ന ഹരീഷ് 13 വർഷം ചലനമറ്റ അവസ്ഥയിലായിരുന്നു. ശ്വസനത്തിനായി ട്രാക്കിയോസ്റ്റമി ട്യൂബും ഭക്ഷണത്തിനായി ഗ്യാസ്ട്രോജെജുനോസ്റ്റമി ട്യൂബും ഘടിപ്പിച്ചാണ് ഇത്രയും കാലം ജീവൻ നിലനിർത്തിയത്. മകൻ എന്നെങ്കിലും എഴുന്നേറ്റ് വരുമെന്ന പ്രതീക്ഷയിൽ ഹരീഷിന്റെ കുടുംബം തങ്ങളുടെ ദ്വാരകയിലുള്ള വീട് പോലും വിറ്റാണ് ഇത്രയും കാലം ചികിത്സ നടത്തിയത്. മാസത്തിൽ 30,000 രൂപയോളം മരുന്നുകൾക്കും മറ്റ് ഉപകരണങ്ങൾക്കുമായി ഈ കുടുംബത്തിന് ആവശ്യമായിരുന്നു. 13 വർഷമായിട്ടും ആരോഗ്യനിലയിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്.

ഇന്ത്യയിൽ 'നിഷ്ക്രിയ ദയാവധം' അനുവദനീയമാണെങ്കിലും, നിലവിൽ രണ്ട് മെഡിക്കൽ ബോർഡുകളുടെ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം കോടതികൾക്ക് മാത്രമേ ഇതിൽ തീരുമാനമെടുക്കാനാവൂ. ഈ സാഹചര്യത്തിൽ, നിഷ്ക്രിയ ദയാവധത്തിന് വ്യക്തമായ ഒരു നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഹരീഷ് റാണയെ എയിംസിലെ (AIIMS) പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിക്കാനും അവിടെ വെച്ച് വിദഗ്ധമായ പ്ലാനിലൂടെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യാനും കോടതി നിർദ്ദേശിച്ചു. മരണം സംഭവിക്കുമ്പോൾ രോഗിയുടെ അന്തസ്സ് ഉറപ്പാക്കണമെന്നും കോടതി ഓർമിപ്പിച്ചു. വാർധക്യസഹജമായ ബുദ്ധിമുട്ടുകൾക്കിടയിലും മകനെ ഇത്രയും കാലം സ്നേഹത്തോടെ പരിചരിച്ച മാതാപിതാക്കളെ കോടതി അഭിനന്ദിക്കുകയും ചെയ്തു. 2011ലെ പ്രശസ്തമായ അരുണ ഷാൻബാഗ് കേസിലൂടെയാണ് ഇന്ത്യയിൽ നിഷ്ക്രിയ ദയാവധത്തിന് സുപ്രീം കോടതി ആദ്യമായി വഴിതുറന്നത്.

Tags:    
News Summary - supreme court allows withdrawal of life support in harish rana passive euthanasia case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.