കപില്‍ മിശ്രയുടെ വിവാദ പ്രസംഗം. തൊട്ടടുത്തുള്ളയാളാണ് ഡി.സി.പിയായിരുന്ന വേദ് പ്രകാശ് സൂര്യ

ഡല്‍ഹി വംശഹത്യ; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ മിശ്രക്കൊപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പേര് ധീരതക്കുള്ള അവാര്‍ഡിന്

ന്യൂഡല്‍ഹി: വടക്കു-കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന വംശഹത്യക്ക് വഴിമരുന്നിട്ട വിദ്വേഷ പ്രസംഗം നടത്തുമ്പോള്‍, ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കൊപ്പം ഉണ്ടായിരുന്ന പൊലീസ് ഓഫിസറുടെ പേര് രാഷ്ട്രപതിയുടെ ധീരതക്കുള്ള പുരസ്‌കാരത്തിനായി അയച്ചു. വടക്കു-കിഴക്കന്‍ ഡല്‍ഹി മുന്‍ ഡി.സി.പി വേദ് പ്രകാശ് സൂര്യയുടെ പേരാണ് പുരസ്‌കാരത്തിനായി നിര്‍ദേശിച്ചത്. 2020 ഫെബ്രുവരി 23ന് വിവാദ പ്രസംഗം നടത്തുമ്പോള്‍ കപില്‍ മിശ്രയുടെ തൊട്ടടുത്ത് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് വേദ് പ്രകാശ്.

ഡല്‍ഹി കലാപ സമയത്ത് നൂറുകണക്കിന് പേരുടെ ജീവനും സ്വത്തുവകകള്‍ക്കും സംരക്ഷണം നല്‍കിയെന്നാണ് പുരസ്‌കാരത്തിനായുള്ള അപേക്ഷയില്‍ വേദ് പ്രകാശ് സൂര്യ അവകാശപ്പെട്ടത്. ഇദ്ദേഹത്തെ കൂടാതെ 25 പൊലീസ് ഉദ്യോഗസ്ഥര്‍ പുരസ്‌കാരത്തിനായി പൊലീസ് ആസ്ഥാനത്ത് അപേക്ഷിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും ഡല്‍ഹി വംശഹത്യ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നവര്‍ക്കും ക്രിമിനലുകളെ അറസ്റ്റ് ചെയ്യുന്നതിനും കുറ്റകൃത്യം തടയുന്നതിനുമാണ് ധീരതക്കുള്ള പുരസ്‌കാരം നല്‍കാറ്. വേദ് പ്രകാശിന്റേത് ഉള്‍പ്പെടെ അപേക്ഷകള്‍ ഡല്‍ഹി പൊലീസ് കമീഷണറുടെ സമിതി പരിശോധിച്ചുവെന്നും ഇനി കേന്ദ്ര ആഭ്യന്തര വകുപ്പിന് അയക്കുമെന്നും മുതിര്‍ന്ന ഓഫിസര്‍ വ്യക്തമാക്കി.

നാല് ദിവസത്തിനകം തനിക്ക് കലാപം ഒതുക്കാന്‍ സാധിച്ചുവെന്നാണ് വേദ് പ്രകാശ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. സഹായം ആവശ്യപ്പെട്ടുള്ള ഫോണ്‍ വിളിയില്‍ കൃത്യമായ നടപടിയെടുത്തെന്നും കല്ലേറുകള്‍ക്ക് തന്നെ തടയാനായില്ലെന്നും വേദ് പ്രകാശ് അവകാശപ്പെടുന്നു.

ഫെബ്രുവരി 23ന് നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ വിഡിയോ കപില്‍ മിശ്ര സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയായതിനാല്‍ ക്ഷമിക്കുകയാണെന്നും മൂന്നു ദിവസത്തിനകം പൗരത്വ വിരുദ്ധ സമരക്കാരെ ഒഴിപ്പിക്കാന്‍ ഡല്‍ഹി പൊലീസിന് അന്ത്യശാസനം നല്‍കുകയാണെന്നും മിശ്ര പറഞ്ഞിരുന്നു. ഒഴിപ്പിച്ചില്ലെങ്കില്‍ തെരുവുകള്‍ ഞങ്ങള്‍ കൈയടക്കും. നിങ്ങള്‍ പറയുന്നതൊന്നും അനുസരിക്കില്ല -ഡി.സി.പിയായിരുന്ന വേദ് പ്രകാശ് സൂര്യയെ സാക്ഷിയാക്കി കപില്‍ മിശ്ര പറഞ്ഞു.

Tags:    
News Summary - Officer in Kapil Mishra video, others seek medals for riot duties in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.