നോട്ടു നിരോധനം നിയമ വിരുദ്ധം; ഉദ്ദേശ്യലക്ഷ്യങ്ങളെ ചോദ്യം ചെയ്യുന്നില്ലെന്ന് ജസ്റ്റിസ് നാഗരത്ന

ന്യൂഡൽഹി: നോട്ടു നിരോധിക്കാനുള്ള സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമാണെന്നും ഇതിനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ മുൻകൈയെടുക്കരു​തായിരുന്നെന്നും ജസ്റ്റിസ് ബി.വി നാഗരത്ന. നോട്ടുനിരോധനം ശരിവെച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് ബെഞ്ചംഗമായ ബി.വി നാഗരത്ന വിധി കുറിച്ചത്.

2016 നവംബർ എട്ടിലെ നോട്ടുനിരോധനം നിയമ വിരുദ്ധമാണ്. ആർ.ബി.ഐ നിയമത്തിലെ 26ാം സെക്ഷൻ പ്രകാരം നോട്ട് നിരോധനത്തിന് റിസർവ് ബാങ്ക് സെൻട്രൽ ബോർഡ് സ്വമേധയാ ശിപാർശ ചെയ്യണം. സർക്കാർ നിർദേശ പ്രകാരമാകരുത് ശിപാർശ. എന്നാൽ ഇവിടെ ആർ.ബി.ഐ സ്വതന്ത്രമായി നടത്തിയ ഇടപാടല്ല നോട്ട് നിരോധനം - നാഗരത്ന നിരീക്ഷിച്ചു.

എന്നാൽ സംഭവം 2016ൽ നടന്നതായതിനാൽ അന്നത്തെ സാഹചര്യം തിരികെ കൊണ്ടു​വരാൻ സാധിക്കില്ല. നോട്ട് നിരോധനം നിയമത്തിന് കടക വിരുദ്ധമായി ശക്തി പ്രയോഗം നടത്തിയതാണ്. അതുകൊണ്ടു തന്നെ അത് നിയമ വിരുദ്ധമാണ്. ഈ നടപടിയുടെ ‘ഉദാത്തമായ ലക്ഷ്യങ്ങളെ’ ചോദ്യം ചെയ്യുകയല്ലെന്നും മറിച്ച് നിയമത്തിന്റെ കണ്ണിലൂടെ നോക്കുകമാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. നോട്ടു നിരോധനം നല്ല ചിന്തയോടും നല്ല ഉദ്ദേശ്യത്തോടും കൂടി നടപ്പാക്കിയതാണ്. അത്, കള്ളപ്പണം, തീവ്രവാദ ഫണ്ടിങ്, വ്യാജ നോട്ട് എന്നിവ​യെ ലക്ഷ്യം വെച്ചാണ് നടപ്പാക്കിയതെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

​സെൻട്രൽ ബോർഡ് ഓഫ് ആർ.ബി.ഐ ആണ് ശിപാർശ നൽകേണ്ടത്. എന്നാൽ, ഈ വിഷയത്തിൽ നോട്ടു നിരോധനത്തിന് ശിപാർശ നൽകണമെന്ന് ആവശ്യപ്പെട്ട് നവംബർ ഏഴിന് കേന്ദ്ര സർക്കാർ ആർ.ബി.ഐക്ക് കത്തെഴുതി. കേന്ദ്ര സർക്കാറും ആർ.ബി.ഐയും സമർപ്പിച്ച രേഖകളിൽ കേന്ദ്ര സർക്കാറിന്റെ നിർദേശ പ്രകാരം എന്ന വാചകം ഉണ്ട്. ഇത് ആർ.ബി.ഐയുടെ സ്വതന്ത്ര തീരുമാനമല്ലെന്ന് വ്യക്തമാക്കുന്നതാണ് -ജസ്റ്റിസ് നാഗരത്ന കൂട്ടിച്ചേർത്തു.

Tags:    
News Summary - Notes Ban Order "Unlawful", "Vitiated": Dissenting Supreme Court Judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.