ഹൈദരാബാദിലെ നൈസാം എട്ടാമനെ ഖബറടക്കാനായി മക്കാ മസ്ജിദ് ഖബറിടത്തിലേക്ക് കൊണ്ടുപോകുമ്പോൾ വിലാപയാത്രയിൽ അണിചേർന്നവർ

നൈസാം എട്ടാമന് മക്കാ മസ്ജിദിൽ അന്ത്യവിശ്രമം

ഹൈദരാബാദ്: ഹൈദരാബാദിലെ ആസിഫ് ജാഹി രാജവംശത്തിലെ ഇളംമുറക്കാരൻ നൈസാം എട്ടാമൻ എന്നറിയപ്പെടുന്ന മിർ ബർക്കത്ത് അലിഖാൻ മുഖറം ഝാ പൗരാണിക നഗരം കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. ചരിത്രപ്രസിദ്ധമായ മക്കാ മസ്ജിദിൽ രാജവംശത്തിന്‍റെ ഖബറിടത്തിലാണ് നൈസാം എട്ടാമനും അന്ത്യവിശ്രമമൊരുക്കിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്ന ഖബറടക്കം. മയ്യിത്ത് നമസ്കാരത്തിന് മക്കാ മസ്ജിദ് ഇമാം ഹാഫിസ് മുഹമ്മദ് രിസ്‍വാൻ ഖുറേശി നേതൃത്വം നൽകി.

ദീർഘകാലമായി അസുഖബാധിതനായിരുന്ന മുഖറം ഝാ ജനുവരി 15ന് തുർക്കി തലസ്ഥാനമായ ഇസ്തംബൂളിലാണ് 89ാം വയസ്സിൽ മരിച്ചത്. ചൊവ്വാഴ്ച ഹൈദരാബാദിലെത്തിച്ച മൃതദേഹം, ഒരു കാലത്ത് നൈസാമുമാരുടെ അധികാര കേന്ദ്രമായിരുന്ന ചൗമഹല്ല പാലസിൽ പൊതുദർശനത്തിന് വെച്ചു. ബുധനാഴ്ച ഉച്ച വരെ പൊതുജനങ്ങൾക്ക് അന്ത്യോപചാരമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നു.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, മറ്റു മന്ത്രിമാർ, മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ പ്രസിഡന്‍റ് അസദുദ്ദീൻ ഉവൈസി, ഡി.ജി.പി അഞ്ജനി കുമാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു.

നൈസാം ഏഴാമനായിരുന്ന മിർ ഉസ്മാൻ അലി ഖാൻ, തന്‍റെ പേരക്കുട്ടിയായ മുഖറം ഝായെ അനന്തരാവകാശിയായി പ്രഖ്യാപിക്കുകയായിരുന്നു. ഉസ്മാൻ അലി ഖാന്‍റെ വിയോഗത്തിനു ശേഷം 1967 ഫെബ്രുവരിയിലാണ് ഝായെ നൈസാം എട്ടാമനായി ഇന്ത്യൻ സർക്കാർ അംഗീകരിച്ചത്. പക്ഷേ, ഹൈദരാബാദിലെ സ്ഥിതിഗതികളിൽ അതൃപ്തനായ രാജകുമാരൻ ആസ്ട്രേലിയയിലേക്ക് കുടിയേറി. അവിടെനിന്നു ബ്രിട്ടൻ, തുർക്കി എന്നീ രാജ്യങ്ങളിലേക്കും താമസം മാറ്റിയ ഝാ വല്ലപ്പോഴും മാത്രമേ ഹൈദരാബാദിൽ എത്തിയിരുന്നുള്ളു.

Tags:    
News Summary - Nizam VIII laid to rest in Makkah Masjid in hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.