ബിഹാറിൽ ബി.ജെ.പിയുമായി കൈകോർത്ത് നിതീഷ് കുമാർ; മുഖ്യമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പട്ന: ബിഹാർ രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്. ബി.ജെ.പിയുടെ പിന്തുണയോടെ നിതീഷ് കുമാർ സർക്കാർ രൂപവത്കരിക്കും. ഞായറാഴ്ച അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നിതീഷിനെ പിന്തുണക്കുന്നതിന് പകരം ബി.ജെ.പിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരെ ലഭിക്കും. പുതിയ സർക്കാർ രൂപവത്കരണത്തിന്റെ ഭാഗമായി ഞായറാഴ്ച വരെയുള്ള എല്ലാ പൊതുപരിപാടികളും നിതീഷ് കുമാർ റദ്ദാക്കിയിട്ടുണ്ട്. 

സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. പുതിയ സർക്കാർ രൂപവത്കരിക്കുന്നതിന് മുന്നോടിയായി നിലവിലെ മഹാസഖ്യ സർക്കാർ നിതീഷ് കുമാർ പിരിച്ചുവിടും. ബി.ജെ.പി നേതാവ് സുശീൽ കുമാർ ആയിരിക്കും ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ. സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിഹാറിലെ സഖ്യം വിടുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. നിതീഷ് മടങ്ങിവരാന്‍ തയ്യാറുണ്ടെങ്കില്‍ ബി.ജെ.പി. പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിക്കുകയും ചെയ്തു. അതിനു പിന്നാലെ ജെ.ഡി.യു സംഘടിപ്പിച്ച കർപ്പൂരി ഠാക്കൂർ അനുസ്മരണത്തിൽ കുടുംബാധിപത്യ രാഷ്ട്രീയത്തെ വിമർശിച്ച് നിതീഷ് കുമാർ സംസാരിച്ചു. തന്റെ ഗുരുവും സോഷ്യലിസ്റ്റ് ഐക്കണുമായ കർപ്പൂരി താക്കൂറിന് പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരത് രത്ന നൽകാൻ തീരുമാനിച്ചതിന് നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുകയും ചെയ്തു.

ആർ.ജെ.ഡിയുമായുണ്ടാക്കിയ ധാരണപ്രകാരം തേജസ്വി യാദവിന് മുഖ്യമന്ത്രി സ്ഥാനം ലോക്സഭ തെരഞ്ഞെടുപ്പിന് ഒഴിഞ്ഞുകൊടുക്കണം. എന്നാൽ അതിന് നിതീഷ് ഒരുക്കമായിരുന്നില്ല. അതാണ് സഖ്യം വിടാൻ പ്രേരിപ്പിച്ചത്. 2022ലാണ് നിതീഷ് ഏറ്റവുമൊടുവിൽ ബി.ജെ.പി സഖ്യം വിട്ടത്.

ബി.ജെ.പി സഖ്യത്തിൽ നിന്ന് പിന്മാറിയ നിതീഷ് 2015 ൽ മഹാഗഡ്ബന്ധൻ സഖ്യം രൂപീകരിച്ചു. രാഷ്ട്രീയ എതിരാളിയായിരുന്ന ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയുമായി കൈകോർത്തായിരുന്നു ഇത്. 2015ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധൻ സഖ്യം അധികാരം പിടിച്ചതിനെ തുടർന്ന് നിതീഷ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

2017ൽ മഹാഗഡ്ബന്ധൻ പിളർന്നപ്പോൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ലാലുവിനെയും കോൺഗ്രസിനെയും വിട്ട് നിതീഷ് വീണ്ടും എൻ.ഡി.എ മുന്നണിയിൽ ചേർന്നു. 2017ൽ ബി.ജെ.പിയുടെ പിന്തുണയിൽ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു.

2020 ൽ നടന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നൽകി.

2022 ആഗസ്റ്റ് ഒമ്പതിന് സഖ്യകക്ഷിയായ ബി.ജെ.പി ജെ.ഡി.യുവിനെ പിളർത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രി പദം രാജിവച്ച് എൻ.ഡി.എ വിട്ട നിതീഷ് കുമാർ കോൺഗ്രസിന്റെയും ആർ.ജെ.ഡിയുടെയും പിന്തുണയിലാണ് ഇതുവരെ മുഖ്യമ​ന്ത്രിസ്ഥാനത്തിരുന്നത്.

Tags:    
News Summary - Nitish Kumar may take oath as Chief Minister with BJP support on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.