ധനുഷ്കോടി : തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലും പൂജകൾ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമസേതുവിന്‍റെ ആരംഭസ്ഥലമെന്ന് പറയപ്പെടുന്ന അരിചാൽമുനൈയിലെത്തിയ മോദി അവിടെ പുഷ്‌പാർച്ചന നടത്തി. ധനുഷ്‌കോടി കോതണ്ഡ രാമസ്വാമി ക്ഷേത്രത്തിലെത്തിയ അദ്ദേഹം ദർശനവും പ്രത്യേക പൂജകളും നടത്തി. തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലും രാമേശ്വരത്തെ ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിലും ഇന്നലെ പ്രധാനമന്ത്രി ദർശനം നടത്തിയിരുന്നു. ഇന്ന് രാമേശ്വരത്ത് അഗ്‌നി തീര്‍ഥ് തീരത്തെത്തി സ്‌നാനം നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ധനുഷ്കോടിയിലെത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെ ശ്രീകോവിലിൽ നടന്ന 'ഭജന'യിലും അദ്ദേഹം പങ്കെടുത്തു.
കോതണ്ഡരാമൻ എന്ന പേരിന്റെ അർത്ഥം വില്ലുള്ള രാമൻ എന്നാണ്. രാവണന്റെ സഹോദരൻ വിഭീഷണൻ ആദ്യമായി ശ്രീരാമനെ കാണുകയും അഭയം തേടുകയും ചെയ്തത് ഇവിടെ വെച്ചാണ് എന്നാണ് കരുതപ്പെടുന്നത്. വ്യോമസേനയുടെ ഹെലികോപ്റ്ററിൽ എത്തിയ മോദിക്ക് ബി.ജെ.പി പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ആരംഭിച്ച് കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ക്ഷേത്ര ദർശനവും കഴിഞ്ഞാണ് പ്രധാനമന്ത്രി ഇവിടെയെത്തിയത്. അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ചടങ്ങിനോട് അനുബന്ധിച്ചാണ് നരേന്ദ്ര മോദി നിരവധി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത്. ജനുവരി 22നാണ് അയോധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങ്.
എണ്ണായിരത്തോളം അതിഥികൾ പങ്കെടുക്കുന്ന പ്രാൺ പ്രതിഷ്ഠയിൽ വൻ സുരക്ഷാ നടപടികളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ബോട്ടുകൾ ഉപയോഗിച്ച് സരയു നദിക്കരയിൽ സുരക്ഷാ പട്രോളിംഗ് നടത്തുന്നുണ്ടെന്നും ഡ്രോണുകൾ വഴി വ്യോമ നിരീക്ഷണം നടത്തുന്നുണ്ടെന്നും ലഖ്‌നൗ സോൺ അഡീഷണൽ ഡയറക്ടർ ജനറൽ പിയൂഷ് മോർഡിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.