നാഗ്പുർ: 22കാരിയെ ബലാൽസംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പൊലീസ് സബ് ഇൻസ്പെക്ടറുടെ മകളായ യുവതിയെ സുഹൃത്തുക്കളാണ് ബലാൽസംഗം ചെയ്ത് കൊന്നത്. അംബർനാഥിൽ വെച്ച് സെപ്തംബർ നാലിനാണ് സംഭവമുണ്ടായത്. കുറ്റം സമ്മതിച്ച രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അംബർനാഥിൽ ഐ.ടി. എൻജിനീയറായി ജോലി ചെയ്യുന്ന യുവതിയുടെ സുഹൃത്തും നാട്ടുകാരനുമായ നിഖിലേഷ് പട്ടേൽ സുഹൃത്തായ നീലേഷുമൊത്ത് കാറിൽ സന്ദർശിക്കാനെത്തി. അംബർനാഥിൽ നിന്നും യുവതിയെയും കൂട്ടി ഇവർ മറ്റൊരു സുഹൃത്തും നാട്ടുകാരനുമായ അക്ഷയ് വലോഡെയുടെ വീട്ടിലെത്തി. ഇവിടെ വെച്ച് നിഖിലേഷും അക്ഷയും ചേർന്ന് യുവതിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. ഇവർക്കെതിരെ പൊലീസിൽ പരാതിപ്പെടുമെന്ന് അറിയിച്ച യുവതിയെ രണ്ടുപേരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി കാറിന്‍റെ ഡിക്കിയിൽ സൂക്ഷിച്ചു.
എന്നാൽ, താഴെ കാറിൽ ഇവർക്ക് വേണ്ടി കാത്തിരുന്ന നീലേഷിന് സംഭവത്തെക്കുറിച്ച് അറിയില്ലായിരുന്നു. എന്തോ പുറത്തേക്ക് എറിയാനുണ്ടെന്ന് പറഞ്ഞ് കാർ നിർത്തിയപ്പോഴാണ് നീലേഷിന് സംഭവം മനസ്സിലായത്.
സംഭവം പുറത്തറിഞ്ഞാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന രണ്ടുപേരും ഓടിരക്ഷപ്പെടാൻ തീരുമാനിച്ചു. എന്നാൽ കുറ്റസമ്മതം നടത്തുകയാണ് നല്ലത് എന്ന്ബോധ്യപ്പെടുത്തി നീലേഷാണ് രണ്ട് പേരെയും രത്നഗിരി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പൂനെ ബൽഗാം റൂട്ടിലുള്ള കോലാപൂരിലാണ് മൃതദേഹം വലിച്ചെറിഞ്ഞതെന്നും ഇവർ സമ്മതിച്ചിട്ടുണ്ട്. നീലേഷാണ് കേസിലെ പരാതിക്കാരൻ.
തുടർന്നുള്ള അന്വേഷണം അംബർനാഥ് പൊലീസായിരിക്കും നടത്തുകയെന്ന് രത്നഗിരി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.