നാഗാലാന്‍ഡ് മുഖ്യമന്ത്രി  സെലിയാങ് രാജിവെച്ചു; പുതിയ മുഖ്യമന്ത്രിയെ ഇന്ന് നിശ്ചയിക്കും

കൊഹിമ/ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ 33 ശതമാനം വനിതാ സംവരണത്തിനെതിരെ നടന്ന പ്രക്ഷോഭം ഒടവില്‍ മുഖ്യമന്ത്രിയുടെ രാജിയില്‍ കലാശിച്ചു. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു ടി.ആര്‍ സെലിയാങിന്‍െറ രാജി. സംസ്ഥാനത്തെ വിവിധ ഗോത്ര വര്‍ഗ വിഭാഗക്കാര്‍ നടത്തുന്ന സമരം കഴിഞ്ഞദിവസങ്ങളില്‍   അക്രമാസക്തമായിരുന്നു. സെലിയാങ്ങിന്‍െറ രാജി ഗവര്‍ണര്‍ സ്വീകരിച്ചിട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയെ തിങ്കളാഴ്ച തീരുമാനിക്കും. 

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതസംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് ഗോത്രവര്‍ഗ നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. സ്ത്രീസംവരണം ഗോത്രരീതികള്‍ക്ക് വിരുദ്ധമാണെന്നും തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ളെന്നുമാണ് നാഗാലാന്‍ഡ് ട്രൈബല്‍ ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്. 

മാസത്തോളമായി തുടരുന്ന അനിശ്ചിതകാല ബന്ദ് പലപ്പോഴും അക്രമാസക്തമായിരുന്നു. തലസ്ഥാനനഗരമായ കൊഹിമയില്‍ ഉള്‍പ്പെടെ നിരവധി  സര്‍ക്കാര്‍ ഓഫിസുകളും വാഹനങ്ങളും കത്തിച്ചാമ്പലായി.  പ്രശ്നം സങ്കീര്‍ണമായതോടെ  ഇക്കാര്യത്തില്‍ കേന്ദ്രവുമായുള്ള ചര്‍ച്ചകള്‍ക്ക് ഗവര്‍ണര്‍ പി.ബി. ആചാര്യ ഡല്‍ഹിയിലത്തെി. രാഷ്ട്രപതി,  പ്രധാനമന്ത്രി എന്നിവരെ കണ്ട് നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച  ഗവര്‍ണര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. ഗവര്‍ണര്‍ക്ക് പിന്നാലെ,  സെലിയാങ് ഡല്‍ഹിയിലത്തെി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടു. ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് കേന്ദ്ര ഇടപെടല്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി  ഡല്‍ഹിയിലത്തെിയത്. തുടര്‍ന്ന് കൊഹിമയില്‍ മടങ്ങിയത്തെിയ ശേഷമാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്‍െറ യോഗം ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കും. കഴിഞ്ഞ ദിവസം നിയമസഭ കക്ഷി യോഗം ചേര്‍ന്ന് പാര്‍ട്ടി  ഷിറോസെലി ലിസ്തുസുവിനെ പുതിയ നേതാവായി തെരഞ്ഞെടുത്തിരുന്നു. നാഗ പീപ്ള്‍സ് ഫ്രണ്ടിന്‍െറ 48 എം.എല്‍.എമാരില്‍ 42 പേരും  ഈ യോഗത്തില്‍ പങ്കെടുത്തു.  ലിസ്തുതന്നെയായിരിക്കും പുതിയ മുഖ്യമന്ത്രി.

വനിതസംവരണത്തിനായി നിലകൊള്ളുന്ന മുഖ്യമന്ത്രി സെലിയാങ്ങിനെ തുടരാന്‍ അനുവദിക്കില്ളെന്ന ഉറച്ച നിലപാടിലായിരുന്നു  ഗോത്രവര്‍ഗ നേതാക്കള്‍.  മുഖ്യമന്ത്രി ഒഴിഞ്ഞില്ളെങ്കില്‍ ആയിരങ്ങള്‍ കൊഹിമയിലേക്ക് മാര്‍ച്ച് ചെയ്യുമെന്നും മരണംവരെ നഗരം ഘെരാവോ ചെയ്യുമെന്നും ട്രൈബല്‍  ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.  സെലിയാങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റി ഗോത്രവര്‍ഗ നേതൃത്വത്തിന്‍െറ രോഷം തണുപ്പിക്കാനാണ്  നാഗ പീപ്ള്‍സ് ഫ്രണ്ടിന്‍െറ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

60 അംഗ നിയമസഭയില്‍  48 പേരുള്ള  നാഗ പീപ്ള്‍സ് ഫ്രണ്ടിന്‍െറ നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാറാണ് നാഗാലാന്‍ഡ് ഭരിക്കുന്നത്. ബി.ജെ.പിക്ക് നാല് അംഗങ്ങളും ബാക്കി എട്ടുപേര്‍ സ്വതന്ത്രരുമാണ്.   

 

 

 

 

Tags:    
News Summary - Nagaland chief minister TR Zeliang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.