മണിപ്പൂരിൽ ഇന്റർഫെയ്ത് ഫോറം സംഘടിപ്പിച്ച സമാധാന റാലിയിൽ

മുസ്‍ലിം ലീഗ് സംഘവും 

മണിപ്പൂർ യുദ്ധഭൂമി; സമാധാനം അകലെ -മുസ്‍ലിം ലീഗ് സംഘം

ന്യൂഡൽഹി: രണ്ടുമാസം കഴിഞ്ഞിട്ടും കലാപം അമർച്ചചെയ്യാൻ കഴിയാതെ യുദ്ധഭൂമിയായി തുടരുന്ന മണിപ്പൂരിൽ വംശഹത്യയാണ് നടക്കുന്നതെന്ന് മുസ്ലിംലീഗ് ഉന്നതതല പ്രതിനിധിസംഘം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പിടിപ്പുകേടുമൂലം സാഹചര്യങ്ങൾ കൈവിട്ടുപോയ മണിപ്പൂരിൽ സംഘർഷം സമീപ ഭാവിയിലെങ്ങും തീരാനുള്ള ലക്ഷണം പോലും കാണുന്നില്ലെന്ന് സംഘം വിലയിരുത്തി.

എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിച്ചതെന്ന് മണിപ്പൂരിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു തിരിച്ചെത്തിയ ലീഗ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഘർഷം ഉണ്ടാകുമ്പോൾ, സമാധാനം പുനഃസ്ഥാപിക്കാനാകണം ഭരണകൂടത്തിന്‍റെ പരിശ്രമം. എന്നാൽ, പ്രശ്നങ്ങൾ പരിഹരിക്കാതെ, അടിച്ചമർത്തൽ നയമാണ് സർക്കാർ സ്വീകരിച്ചത്.

നിയമവാഴ്ചയില്ലാത്ത സ്ഥിതിയാണിപ്പോൾ മണിപ്പൂരിൽ. സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങൾ പ്രശ്നപരിഹാരം അകലെയാക്കി. മണിപ്പൂരിനെ സമാധാനത്തിലേക്ക് നയിക്കാനുള്ള വഴി തെളിഞ്ഞിട്ടില്ല. ഈ സ്ഥിതി അനന്തമായി നീണ്ടുപോയേക്കാമെന്ന ഗൗരവാവസ്ഥ മനസ്സിലാക്കി ജാഗ്രതാപൂർവം സർക്കാർ മുന്നോട്ടുനീങ്ങിയില്ലെങ്കിൽ വലിയ പ്രശ്നങ്ങൾ ഇനിയും ഉണ്ടാകുമെന്ന് ആശങ്കപ്പെടണം.

മുസ്ലിംലീഗ് പ്രതിനിധിസംഘം സമാധാനത്തിന്‍റെയും ശാന്തിയുടെയും സന്ദേശവുമായാണ് മണിപ്പൂർ സന്ദർശിച്ചതെന്ന് ദേശീയ രാഷ്ട്രീയോപദേശക സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്‍റുമായ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എവിടേക്കും പോകാനില്ലാതെ, മുകളിൽ ആകാശവും താഴെ ഭൂമിയുമെന്ന അനാഥാവസ്ഥയാണ് അഭയാർഥി ക്യാമ്പുകളിൽ. ഭക്ഷണത്തിനും കുടിവെള്ളത്തിനുപോലും പ്രയാസപ്പെടുന്ന ദുഃസ്ഥിതി. സർക്കാർ സംവിധാനങ്ങളുടെ സേവനം തീർത്തും പരിമിതം. ദയനീയ സ്ഥിതിയുടെ യഥാർഥ ചിത്രം ഇനിയും പുറംലോകത്ത് എത്തിയിട്ടില്ല.

സമാന ചിന്താഗതിക്കാരായ മറ്റു പാർട്ടികളുമായി ചേർന്ന് വിഷയം പാർലമെന്‍റിൽ ഉന്നയിക്കും. ഭരണകൂടത്തിന്‍റെ സക്രിയ പ്രവർത്തനം കാണാനില്ലാത്ത സംസ്ഥാനത്ത് ജനങ്ങൾക്ക് ഏറ്റവും വേഗം ആശ്വാസം പകരണം. അക്രമം ഇല്ലാതാക്കാനും ജനവിശ്വാസം വീണ്ടെടുക്കാനും ചർച്ച നടക്കണം -ലീഗ് നേതാക്കൾ പറഞ്ഞു. സംഘാംഗങ്ങളും എം.പിമാരുമായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ്, ലീഗ് ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. നവാസ് കനി എം.പിയും സംഘത്തിൽ അംഗമായിരുന്നു.

മണിപ്പൂർ ഗവർണർ അനുസൂയ യുകി, ഇംഫാൽ ആർച്ച് ബിഷപ് ഡൊമിനിക് ലുമോൻ തുടങ്ങിയവരുമായി സംഘം സ്ഥിതിഗതികൾ ചർച്ചചെയ്തു. ചൊവ്വാഴ്ച ശാന്തിസന്ദേശവുമായി ഇംഫാലിൽ നടന്ന സമാധാന റാലിയിൽ ലീഗ് നേതാക്കൾ പങ്കെടുത്തു. മണിപ്പൂർ ക്രിസ്ത്യൻ അസോസിയേഷൻ, മെയ്തേയി ചർച്ചസ് കൗൺസിൽ, ബുദ്ധിസ്റ്റ് അസോസിയേഷൻ തുടങ്ങി 20 സംഘടനകളുടെ പ്രതിനിധികളാണ് റാലിയിൽ അണിനിരന്നത്.

Tags:    
News Summary - Muslim League visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.