‘കോൺഗ്രസ് പ്രകടന പത്രികയിൽ പ്രതിഫലിക്കുന്നത് മുസ്‍ലിം ലീഗ്, ഇടത് സ്വാധീനം’; വിമർശനവുമായി മോദി

ലഖ്നോ: കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ മുസ്‍ലിം ലീഗിന്റെ മുദ്ര പതിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര​ മോദി. ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ ഷഹറാൻപൂരിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരകാലത്തെ മുസ്‍ലിം ലീഗിന്റെ ചിന്തകളാണ് ഇപ്പോഴത്തെ കോൺഗ്രസ് പ്രകടന പത്രികയിലും പ്രതിഫലിക്കുന്നതെന്നും അവശേഷിക്കുന്ന ഭാഗം പൂർണമായും ഇടതുപക്ഷ സ്വാധീനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷകളിൽ നിന്നും അഭിലാഷങ്ങളിൽ നിന്നും കോൺഗ്രസ് പൂർണമായും മാറി നിൽക്കുന്നുവെന്ന് ഇന്നലെ അവർ പുറത്തിറക്കിയ പ്രകടന പത്രിക തെളിയിക്കുന്നു. അതിൽ മുസ്‍ലിം ലീഗിന്റെ മുദ്ര പതിഞ്ഞിരിക്കുന്നു, അവശേഷിക്കുന്ന ഭാഗം പൂർണമായും ഇടതുപക്ഷ സ്വാധീനത്തിലാണ്. സ്വാതന്ത്ര്യ സമരകാലത്തെ മുസ്‍ലിം ലീഗിന്റെ ചിന്തകളാണ് ഇന്നത്തെ കോൺഗ്രസ് പ്രകടന പത്രികയിലും പ്രതിഫലിക്കുന്നത്. ബി.ജെ.പി സർക്കാർ ഒരു വിവേചനവും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. സർക്കാർ പദ്ധതികൾ എല്ലാ വിഭാഗക്കാരിലും എത്തിക്കുന്നതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്’ -മോദി പറഞ്ഞു.

കോൺഗ്രസ് പ്രകടന പത്രികയായ ‘ന്യായ് പത്ര’ പുറത്തിറക്കിയതിന് ​പി​റ്റേന്നാണ് മോദിയുടെ വിമർശനം. രാജ്യത്ത് സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് നടത്തുമെന്ന് ഉറപ്പുനൽകുന്ന കോൺഗ്രസ് പ്രകടനപത്രിക, ബി.ജെ.പിയിൽ ചേർന്ന് നിയമ നടപടികളിൽനിന്ന് രക്ഷപ്പെട്ടവർക്കെതിരായ കേസുകളിൽ അന്വേഷണം നടത്തുമെന്ന ഉറപ്പും നൽകുന്നുണ്ട്.

ജമ്മു-കശ്മീരിന് സമ്പൂർണ സംസ്ഥാന പദവി നൽകും, അഗ്നിപഥ് പദ്ധതി നിർത്തലാക്കി സായുധസേനകളിലേക്ക് സാധാരണ റിക്രൂട്ട്മെന്റ് രീതി പുനരാരംഭിക്കും, എസ്.സി-എസ്.ടി-ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം 50 ശതമാനത്തിൽ കൂട്ടാൻ ഭരണഘടന ഭേദഗതി കൊണ്ടുവരും, കാർഷിക കടം എഴുതിത്തള്ളാൻ കമീഷനെ നിയമിക്കും, 2025 മുതൽ കേന്ദ്ര സർക്കാർ ജോലികളിൽ 50 ശതമാനം വനിത സംവരണം നടപ്പാക്കും, ഓരോ ദരിദ്ര കുടുംബത്തിനും വർഷം ഒരു ലക്ഷം രൂപ നൽകും, സർക്കാർ തസ്തികകളിലും പൊതുമേഖല സ്ഥാപനങ്ങളിലും കരാർ നിയമനം നിർത്തലാക്കി സ്ഥിരനിയമനം നടത്തും തുടങ്ങിയവയായിരുന്നു പ്രധാന വാഗ്ദാനങ്ങൾ. 

Tags:    
News Summary - 'Muslim League, Left Influence Reflected in Congress Manifesto'; Modi with criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.