തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിജയത്തിന് പിന്നാലെ മധ്യപ്രദേശ് ബി.ജെ.പിയിൽ തമ്മിലടി

ന്യൂഡൽഹി: ബി.ജെ.പി മധ്യപ്രദേശ് ഘടകം കഴിഞ്ഞയാഴ്ച സമാപിച്ച തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയം നേടിയെങ്കിലും പാർട്ടിയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള വൈരം മൂർഛിക്കുന്നതായി സൂചന. ചില കേന്ദ്രമന്ത്രിമാരും ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിലെ അംഗങ്ങളും തങ്ങളുടെ തോൽവി ഉറപ്പാക്കാൻ ശ്രമിച്ചുവെന്നാണ് പ്രാദേശിക നേതാക്കൾ ഉന്നയിക്കുന്ന വാദം.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 51 ജില്ലാ പഞ്ചായത്തുകളിലെ ചെയർപേഴ്‌സൺമാരെയും മറ്റ് സ്ഥാനങ്ങളെയും തീരുമാനിക്കാൻ പരോക്ഷ വോട്ടെടുപ്പ് നടത്തിയിരുന്നു. 41 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ എട്ടെണ്ണം കോൺഗ്രസ് പിന്തുണയുള്ള സ്ഥാനാർഥികൾക്കും രണ്ടെണ്ണം സ്വതന്ത്ര സ്ഥാനാർഥികൾക്കും ലഭിച്ചു.

രണ്ട് തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ദിൻഡോരിയിൽ നിന്നുള്ള ജ്യോതി പ്രകാശ് ധുർവെ, മുൻ ബിജെപി സംസ്ഥാന മന്ത്രി ഓം പ്രകാശ് ധുർവെയുടെ ഭാര്യ എന്നിവർ പരാജയപ്പെട്ട ബിജെപി സ്ഥാനാർഥികളിൽ ഉൾപ്പെടുന്നു. കോൺഗ്രസ് പിന്തുണയുള്ള സ്ഥാനാർഥിയോട് പരാജയപ്പെട്ടതിന് കേന്ദ്രമന്ത്രി ഫഗ്ഗൻ സിങ് കുലസ്‌തെയെ അവർ കുറ്റപ്പെടുത്തുന്നു. മറുവശത്ത്, ധുർവെ പാർട്ടിക്ക് അനുസൃതമായി പ്രവർത്തിച്ചില്ലെന്ന് കുലസ്തെയുടെ സഹായികളും ആരോപിക്കുന്നുണ്ട്.

ദമോയിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശിവ് ചരൺ പട്ടേലിനെതി​രേ കോൺഗ്രസ് പിന്തുണയുള്ള സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സംസ്ഥാന പിഡബ്ല്യുഡി മന്ത്രി ഗോപാൽ ഭാർഗവയും മറ്റുള്ളവരും ഗൂഢാലോചന നടത്തിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കേന്ദ്രമന്ത്രിയും ദമോ എം.പിയുമായ പ്രഹ്ലാദ് സിങ് പട്ടേലിന്റെ അടുത്ത അനുയായിയാണ് ശിവ് ചരൺ പട്ടേൽ.

ഹർദയിൽ കോൺഗ്രസിന്റെ രേവ പട്ടേലിന്റെ വിജയത്തിനായി സംസ്ഥാന മന്ത്രി കമൽ പട്ടേൽ ഇടപെശട്ടനന ആരോപണവും പാർട്ടി പ്രവർത്തകൾ ഉയർത്തുന്നുണ്ട്. കമൽ പട്ടേലിന്റെ ബന്ധുവാണ് രേവ പട്ടേൽ എന്നതും ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.

പ്രചരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ഭഗവാൻദാസ് സബ്‌നാനി 'ദി പ്രിന്റി'നോട് പറഞ്ഞു. തങ്ങളുടെ തോൽവിക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന നേതാക്കളുടെ പരാതികൾ പാർട്ടി കേൾക്കുന്നുണ്ടെങ്കിലും ഓഗസ്റ്റ് 15ന് ശേഷം മാത്രമേ അതത് ജില്ലകളിൽ വിശദമായ വിശകലനം നടത്തൂ എന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മറ്റെല്ലാ പാർട്ടികളെയും മറികടന്ന് ബി.ജെ.പി മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് പാർട്ടിക്ക് മേൽക്കൈ നൽകുന്നുണ്ട്. 16 മേയർ സ്ഥാനങ്ങളിൽ ഒമ്പതും പാർട്ടി നേടി. കോൺഗ്രസിന് അഞ്ചെണ്ണം ലഭിച്ചു. ആം ആദ്മി പാർട്ടി ഒരു സ്ഥാനവുമായി അകൗണ്ട് തുറന്നിട്ടുണ്ട്.

ബി.ജെ.പി കൗൺസിലർമാരിൽ 92 പേർ മുസ്ലിംകൾ

മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച 6,671 കൗൺസിലർമാരിൽ 92 പേർ മുസ്ലിംകളാണ്. മധ്യപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്രയധികം മുസ്ലിം സ്ഥാനാർഥികളെ ബി.ജെ.പി മത്സരിപ്പിക്കുന്നത് ആദ്യമായാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ 50ൽ കുറവ് മുസ്ലിം സ്ഥാനാർഥികളെ മാത്രമാണ് ബി.ജെ.പി മത്സരിപ്പിച്ചിരുന്നത്. കോൺഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളിൽനിന്നാണ് ഇതിൽ ഭൂരിഭാഗം മുസ്ലിം സ്ഥാനാർഥികളും വിജയിച്ചതെന്നതും ശ്രദ്ധേയമാണ്. 25 വാർഡുകളിൽ കോൺഗ്രസിന്‍റെ ഹിന്ദു സ്ഥാനാർഥികളെയാണ് പരാജയപ്പെടുത്തിയത്. കൂടാതെ, 209 വാർഡുകളിൽ ബി.ജെ.പി മത്സരിപ്പിച്ച മുസ്ലിം സ്ഥാനാർഥികൾ രണ്ടാമതെത്തി.

2014ലെ തെരഞ്ഞെടുപ്പിൽ 400 മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിച്ച കോൺഗ്രസ്, ഇത്തവണ 450 സ്ഥാനാർഥികളെ മത്സരിപ്പിച്ചു. ഇതിൽ 344 പേർ വിജയിച്ചു. 2011ലെ സെൻസസ് പ്രകാരം മധ്യപ്രദേശ് ജനസംഖ്യയിൽ 6.57 ശതമാനം മുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷ വാർഡുകളിൽ വിജയം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മുസ്ലിം സ്ഥാനാർഥികളെ നിർത്തിയതെന്ന് ബി.ജെ.പി നേതാക്കൾ തന്നെ പറയുന്നു.

ചെറു ടൗണുകളിൽ മാത്രമാണ് മുസ്ലിംകൾക്ക് ബി.ജെ.പി ടിക്കറ്റ് നൽകിയത്. അതേസമയം, ഭോപ്പാൽ, ഇൻഡോർ, ജബൽപുർ ഉൾപ്പെടെയുള്ള നഗരങ്ങളിലൊന്നും മുസ്ലിംകളെ മത്സരിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്‍റെ വികസന യാത്രയിൽ എല്ലാ സമുദായങ്ങളെയും ഉൾപ്പെടുത്താനുള്ള ശ്രമങ്ങളുടെ വിജയമാണിതെന്ന് സംസ്ഥാന ബി.ജെ.പി വക്താവ് ഹിതേഷ് വാജ്പേയ് പ്രതികരിച്ചു.

അതേസമയം, 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു മുസ്ലിം സ്ഥാനാർഥിയെ മാത്രമാണ് ബി.ജെ.പി മത്സരിപ്പിച്ചത്. കോൺഗ്രസ് മൂന്നു സ്ഥാനാർഥികളെയും. സംസ്ഥാനത്തെ മുനിസിപ്പൽ കോർപറേഷനുകളിലും കൗൺസിലുകളിലും 80 ശതമാനവും ബി.ജെ.പിയാണ് ഭരിക്കുന്നത്.

Tags:    
News Summary - ‘Sabotage, conspiracy’: MP BJP leaders blame ‘enemies within’ after local body poll losses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.