ബംഗളൂരു: കർണാടക ജലവിഭവ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്തു. ഡൽഹിയിലെ കർണാടക ഭവൻ ഉദ്യോഗസ്ഥനായ ആഞ്ജനേയ ഹനുമന്തയ്യ ഉൾപ്പെടെയുള്ളവരെയും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) പ്രകാരമുള്ള കേസിൽ പ്രതി ചേർത്തിട്ടുണ്ട്. നികുതി തട്ടിപ്പ്, ഹവാല ഇടപാട് എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കോടികളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി ഈ വർഷമാദ്യം ആദായ നികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിെൻറ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്തത്.
അതേസമയം, ആദായ നികുതി വകുപ്പിെൻറ കേസിൽ മന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ളവർ കോടതിയിൽനിന്നു കഴിഞ്ഞദിവസം മുൻകൂർ ജാമ്യം നേടിയിരുന്നു. സെപ്റ്റംബർ 20നാണ് കേസുമായി ബന്ധപ്പെട്ട അടുത്ത വിചാരണ നടക്കുന്നത്. മൊഴിയെടുക്കുന്നതിന് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ ഡി.കെ. ശിവകുമാറിനെ ഉൾപ്പെടെ വിളിച്ചുവരുത്തുമെന്നാണ് വിവരം. ശിവകുമാറും അനുയായിയായ എസ്.കെ. ശർമയും ഹവാല ഇടപാടുകളിലൂടെ കണക്കിൽപെടാത്ത കോടിക്കണക്കിന് രൂപ കടത്തിയെന്നായിരുന്നു ആദായ നികുതി വകുപ്പിെൻറ കണ്ടെത്തൽ. മൂന്നുപേർ ഇവർക്ക് സഹായികളായി പ്രവർത്തിച്ചതായും കണ്ടെത്തിയിരുന്നു.
ശിവകുമാറിനെതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡൽഹിയിലും ബംഗളൂരുവിലും കണക്കിൽപ്പെടാത്ത പണം കൈകാര്യം ചെയ്യുന്നതിനായി വലിയ സംഘത്തെതന്നെ നിയോഗിച്ചിരുന്നതായി വ്യക്തമായതായും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ശിവകുമാറിെൻറ ബിസിനസ് പങ്കാളി സചിൻ നാരായണൻ, ശർമ ട്രാൻസ്പോർട്ടിെൻറ ഉടമ എസ്.കെ. ശർമ എന്നിവരും കേസിൽ പ്രതികളാണ്. 2017 ആഗസ്റ്റിൽ ബംഗളൂരുവിലും ഡൽഹിയിലും നടന്ന റെയ്ഡിൽ ശിവകുമാറുമായി ബന്ധമുള്ള കണക്കിൽപെടാത്ത 20 കോടി രൂപയാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.