പാർട്ടി ഫണ്ടിലേക്ക് മദ്യം വിൽക്കുന്ന പണം... മദ്യശാലകളിലെ വരുമാന ചോർച്ചക്ക് തടയിടാൻ വിജയ് സർക്കാർ

ചെന്നൈ: തമിഴ്നാട് സർക്കാർ നിയന്ത്രണത്തിലുള്ള ടാസ്മാക് (തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ) മദ്യവിൽപന ശൃംഖലയിലെ സാമ്പത്തിക ചോർച്ചകളും അനധികൃത പിരിവുകളും അവസാനിപ്പിക്കാൻ കർശന നടപടികൾക്ക് ഉത്തരവിട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അധികാരമേറ്റശേഷം നടത്തിയ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് സമഗ്ര അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ കർശന ഉത്തരവ്.

മദ്യവിൽപനയിലൂടെ ലഭിക്കുന്ന ഓരോ രൂപയും സംസ്ഥാന ഖജനാവിൽ എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും അനധികൃത പിരിവുകൾ പൂർണമായും അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടാസ്മാക് ശൃംഖലയിൽ നിന്ന് പ്രതിമാസം ഏകദേശം 102 കോടി രൂപ വരെ അനൗദ്യോഗിക ‘പാർട്ടി ഫണ്ട്’ പിരിവുകളിലൂടെ വഴിതിരിച്ചുവിടുന്നതായാണ് കണ്ടെത്തൽ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 1,600 കോടി രൂപ സംസ്ഥാന ഖജനാവിന് നഷ്ടമായിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഡി.​എം.കെ ഭരണകാലത്ത് ടാക്സ്മാകുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സൂക്ഷ്മ പരിശോധന നടത്തുമെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ഉടൻ ആരംഭിക്കാനും ആവശ്യമെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഒരു കേയ്സ് മദ്യത്തിന് ഏകദേശം 90 രൂപ വീതം പാർട്ടി ഫണ്ട് എന്ന പേരിൽ വകമാറ്റിയിരുന്നു. ഒരു കേയ്സ് ബിയറിനു 40 രൂപയും, ഒരു കേയ്സ് വൈനിന് 20 രൂപ വീതവും മന്ത്രിമാരുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ ഫണ്ടിലേക്ക് ഈടാക്കിയിരുന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. എക്സൈസ് മന്ത്രി കെ. വിഘ്നേഷിന്റെ നേതൃത്വത്തിലായിരിക്കും പരിഷ്കാരങ്ങൾ നടപ്പിലാക്കുക.

ടാസ്മാകുമായി ബന്ധപ്പെട്ട് എല്ലാ അനൗപചാരിക മദ്യ വിതരണ കേന്ദ്രങ്ങളും നിർത്തലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി എല്ലാ ഉദ്യോഗസ്ഥരെയും ഡിസ്റ്റിലറികളെയും അറിയിച്ചതായും അടുത്ത വൃത്തങ്ങൾ പറയുന്നു. എല്ലാ വകുപ്പുകളിലെയും വരുമാന ചോർച്ചകൾ കണ്ടെത്താനും സർക്കാർ വരുമാനം പൂർണമായും ഖജനാവിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനൗദ്യോഗിക പിരിവിന്റെ വ്യാപ്തി കണക്കിലെടുത്താണ് ടാസ്മാക്ക് ആദ്യം ഏറ്റെടുത്തതെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂടാതെ, ടാസ്മാക് ഔട്ട്​ലെറ്റുകളിൽ കുപ്പി തിരികെ നൽകുന്ന 10 രൂപ നിക്ഷേപ -ബൈബാക്ക് സംവിധാനത്തെക്കുറിച്ചും സർക്കാർ പുനപരിശോധന നടത്തുന്നതായാണ് വിവരം. കുപ്പി റിട്ടേൺ കളക്ഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ മാത്രം പ്രതിമാസം 300 കോടി രൂപയുടെ അഴിമതിക്ക് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത 4,048 ടാസ്മാക് ഔട്ട്‌ലെറ്റുകളാണുള്ളത്. പ്രതിമാസം ഏകദേശം 88 ലക്ഷം ഉപഭോക്താക്കൾ ടാസ്മാക് വഴി മദ്യം വാങ്ങുന്നുണ്ട്. നേരത്തേ, ക്ഷേത്രങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവക്ക് സമീപം പ്രവർത്തിച്ചിരുന്ന 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. മദ്യവിൽപനയെ കേവലം വരുമാനം ഉണ്ടാക്കുന്നതിനുള്ള മാർഗമായി മാത്രം കാണാനാവില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ വിജയ് ആവർത്തിച്ച് പറഞ്ഞതായി മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു. 

Tags:    
News Summary - Money from selling liquor goes to party funds Vijays Big Crackdown On Party Fund System

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.