വിമര്‍ശകരെയും ആരാധകരെയും തൃപ്തിപ്പെടുത്താനാകാതെ മോദി

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗങ്ങളില്‍ ആളുകളെ കൈയിലെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതുവത്സര രാവില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍  പാളി. നോട്ട് നിരോധനത്തിന്‍െറ പശ്ചാത്തലത്തില്‍ രാജ്യം കാതോര്‍ത്തിരുന്ന പ്രസംഗത്തില്‍ ആരെയും തൃപ്തിപ്പെടുത്താനായില്ളെന്നാണ് വിലയിരുത്തല്‍. പ്രസംഗത്തില്‍ ഒന്നുമില്ളെന്നും പരാജയം പ്രധാനമന്ത്രി സമ്മതിച്ചുവെന്നുമാണ് നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവരുടെ വിലയിരുത്തല്‍. പ്രതിപക്ഷ പാര്‍ട്ടികളും നോട്ട് നിരോധനത്തെ എതിര്‍ക്കുന്ന വിദഗ്ധരും ഇത്തരം പ്രതികരണങ്ങളുമായി രംഗത്തുവന്നുകഴിഞ്ഞു. അതേസമയം, മോദിയുടെ ആരാധകരും തൃപ്തരല്ല. ചില്ലറ മേമ്പൊടികള്‍ക്കപ്പുറം ബിനാമി സ്വത്ത് പിടിച്ചെടുക്കല്‍ പോലുള്ള വലിയ പ്രഖ്യാപനങ്ങളാണ് അവര്‍ മോദിയുടെ രണ്ടാം പ്രസംഗത്തില്‍ പ്രതീക്ഷിച്ചത്. അതുണ്ടായില്ല. തിങ്കളാഴ്ച മോദി യു.പിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നുണ്ട്. അതിലാണ് ഇനി മോദി ആരാധകരുടെ നോട്ടം.

  പ്രസംഗത്തില്‍ കാര്യമായി ഒന്നുമില്ളെന്ന വിലയിരുത്തലാണ് ദേശീയ മാധ്യമങ്ങളില്‍ പൊതുവെയുള്ളത്. നിലവിലെ സങ്കീര്‍ണ സാഹചര്യത്തില്‍ പ്രതീക്ഷിച്ചതൊന്നും  പ്രധാനമന്ത്രി പറഞ്ഞില്ളെന്ന് സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നു. മിനി ബജറ്റെന്ന വിശേഷണമാണ് പലരും മുന്നോട്ടുവെച്ചത്. ചില്ലറ മേമ്പൊടികളല്ല, നോട്ടുക്ഷാമം വേഗത്തില്‍ തീര്‍ക്കാനുള്ള നടപടികളാണ് വേണ്ടതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അസാധുവാക്കപ്പെട്ട അത്രയും പകരം നോട്ടുകള്‍ എപ്പോള്‍ ലഭ്യമാകുമെന്നോ അക്കൗണ്ടിലെ പണം ആവശ്യത്തിനനുസരിച്ച് എടുക്കാന്‍ എന്ന് കഴിയുമെന്നോ പറയാന്‍ പ്രധാനമന്ത്രിക്ക് കഴിയാതെപോയത് നോട്ടുദുരിതം ഉടനെ തീരില്ളെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായാണ് വിമര്‍ശകള്‍ കണക്കാക്കുന്നത്. സ്വയം പ്രഖ്യാപിച്ച 50 ദിന സമയപരിധിക്കുശേഷം രാജ്യത്തോട് സംസാരിച്ചപ്പോള്‍ നോട്ട് നിരോധനം വിജയമാണെന്ന അവകാശവാദത്തിന് പിന്‍ബലമേകുന്ന കള്ളപ്പണവേട്ടയുടെ കണക്കുകള്‍ മുന്നോട്ടുവെച്ചില്ല.
  ‘ഡീമോഡിറ്റൈസേഷന്‍’ തുടങ്ങിക്കഴിഞ്ഞുവെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം.

വിശ്വസിക്കാനാവാത്തയാളാണ് പ്രധാനമന്ത്രിയെന്ന് ടി.വി പ്രസംഗം കഴിഞ്ഞപ്പോള്‍ ജനത്തിനു ബോധ്യമായെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മോദി പറയുന്നത് ഇനി ജനം വിശ്വസിക്കില്ളെന്നും പ്രധാനമന്ത്രി പരിഹാസ്യ കഥാപാത്രമായി മാറിയെന്നും അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. അതേസമയം, 2017ലെ സാമ്പത്തിക കുതിപ്പിന്‍െറ രൂപരേഖയാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. കുറഞ്ഞ പലിശക്ക് ഭവനവായ്പ പോലുള്ള പദ്ധതികള്‍ നിരവധി പേരുടെ വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.   

 

News Summary - modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.