പണഞെരുക്കം തുടരുമ്പോള്‍ ഇന്‍റര്‍നെറ്റിന്‍െറ മറവില്‍ മോദി പ്രത്യക്ഷപ്പെടുന്നു

ന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാഭിപ്രായം തേടുന്നു. ബാങ്കുകളിലും എ.ടി.എമ്മുകളിലും നീണ്ട ക്യൂ തുടരുകയും വിവിധ മേഖലകള്‍ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുമ്പോഴാണ് മോദി ഇന്‍റര്‍നെറ്റിലൂടെ ആശയവിനിമയത്തിന് തയാറാകുന്നത്. ചോദ്യങ്ങള്‍ക്കു മാത്രമുള്ള മറുപടിയാണ് പ്രധാനമന്ത്രി തേടുന്നത്.

10 ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇത് നരേന്ദ്ര മോദിയുടെ പേരിലുള്ള മൊബൈല്‍ ആപ്ളിക്കേഷനില്‍ ലഭിക്കും. സര്‍വേയില്‍ പങ്കെടുക്കാന്‍ ട്വിറ്ററിലൂടെ ഇതിനുള്ള ലിങ്ക് പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ കള്ളപ്പണമുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ, കള്ളപ്പണവും അഴിമതിയും തുടച്ചുനീക്കണമെന്ന് കരുതുന്നുണ്ടോ, കള്ളപ്പണം തടയാനുള്ള സര്‍ക്കാര്‍ നീക്കത്തെ എങ്ങനെ കാണുന്നു, മുന്തിയ നോട്ട് അസാധുവാക്കിയതുകൊണ്ട് പ്രയോജനമുണ്ടോ, കള്ളപ്പണവും അഴിമതിയും ഭീകരതയും തടയാന്‍ അസാധുവാക്കല്‍ ഏതുവിധത്തില്‍ സഹായിക്കും എന്നിങ്ങനെ നീളുന്നതാണ് ചോദ്യങ്ങള്‍.

റിയല്‍ എസ്റ്റേറ്റ്, ഉന്നത വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ സാധാരണക്കാരന് പ്രാപ്യമാക്കാന്‍ നോട്ട് അസാധുവാക്കല്‍ സഹായിക്കുമെന്ന് കരുതുന്നുണ്ടോ എന്നും ചോദ്യാവലിയിലുണ്ട്. കള്ളപ്പണവും ഭീകരതയും കള്ളനോട്ടും അഴിമതിയും തടയാനുള്ള പോരാട്ടത്തിനിടയില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കാര്യമാക്കുന്നുണ്ടോ എന്നാണ് മറ്റൊരു ചോദ്യം.
 

ചില അഴിമതി വിരുദ്ധ പ്രവര്‍ത്തകര്‍ ഇപ്പോള്‍ യഥാര്‍ഥത്തില്‍ കള്ളപ്പണം, അഴിമതി, ഭീകരത എന്നിവയെ സഹായിക്കാന്‍ പോരാട്ടം നടത്തുന്നതായി കരുതുന്നുണ്ടോ എന്നുമുണ്ട് ചോദ്യം. പ്രധാനമന്ത്രിയുമായി പങ്കുവെക്കാന്‍ താല്‍പര്യപ്പെടുന്ന ആശയങ്ങളും അഭിപ്രായങ്ങളും എന്തെങ്കിലുമുണ്ടെങ്കില്‍ വിശദീകരിക്കാനും ആവശ്യപ്പെടുന്നുണ്ട്.

നോട്ടുമാറ്റ പ്രഖ്യാപനത്തെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്‍റിനോട് വിശദീകരിക്കാന്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് ശീതകാല പാര്‍ലമെന്‍റ് സമ്മേളനം തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിപക്ഷം സ്തംഭിപ്പിച്ചിരുന്നു. സഹകരണ മേഖലയില്‍നിന്നടക്കം കേന്ദ്രതീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ട്.
നോട്ടു പിന്‍വലിക്കുക വഴി വലിയ നേട്ടമാണ് രാജ്യത്തിന് ഉണ്ടാകാന്‍ പോകുന്നതെന്നു വിശദീകരിക്കുമ്പോള്‍ തന്നെയാണ്, അഭിപ്രായ ശേഖരണത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

Tags:    
News Summary - Modi has asked people mark their opinion through his App

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.