ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം പാർലമെന്റിൽ ഉയർത്തുന്ന പ്രതിഷേധം വിവാദ ബില്ലുകൾ ചർച്ച കൂടാതെ പാസാക്കാനുള്ള അവസരമാക്കി സർക്കാർ. പ്രധാനമന്ത്രി പാർലമെന്റിനോട് മണിപ്പൂർ സാഹചര്യം വിശദീകരിക്കണമെന്ന പ്രതിപക്ഷ മുറവിളിക്കിടയിൽ, ഇരുസഭകളിലേക്കും തിരിഞ്ഞുനോക്കാതെ നരേന്ദ്ര മോദി.
വന സംരക്ഷണ നിയമഭേദഗതി ബിൽ, ഖനന-ധാതുപദാർഥ വികസന-നിയന്ത്രണ നിയമ ഭേദഗതി ബിൽ, നഴ്സിങ്-ഡെന്റൽ കമീഷൻ ബിൽ തുടങ്ങിയവ പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയുടെ എം.പിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് സഭ സ്തംഭിപ്പിക്കാൻ ശ്രമിക്കുന്ന വലിയ ബഹളങ്ങൾക്കിടയിലാണ് സർക്കാർ ചർച്ച കൂടാതെ പാസാക്കിയത്. ആദ്യത്തെ രണ്ടു ബില്ലുകളെക്കുറിച്ചും വ്യാപകമായ എതിർപ്പ് നിലനിൽക്കുമ്പോൾ തന്നെയാണ് പാസാക്കൽ.
വിവാദ ഡൽഹി ഓർഡിനൻസ് ബിൽ അടുത്തയാഴ്ച പാർലമെന്റിൽ കൊണ്ടുവരാനിരിക്കുകയുമാണ്. നരേന്ദ്ര മോദി മന്ത്രിസഭക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് ഭൂരിപക്ഷമുണ്ടെങ്കിൽ നിയമ നിർമാണത്തെ സഭയിൽ എതിർത്തു തോൽപിക്കട്ടെയെന്നാണ് ഇതേക്കുറിച്ച പ്രതിഷേധങ്ങളോട് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി പ്രതികരിച്ചത്. അവിശ്വാസപ്രമേയം കൊണ്ടുവന്നു എന്നുകരുതി സർക്കാറിന്റെ കാര്യപരിപാടികളൊന്നും സഭയിൽ നടത്താൻ പാടില്ലെന്ന് പറയാനാവില്ലെന്നും ജോഷി മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു.
പ്രതിഷേധം വകവെക്കാതെ സഭാ നടപടി അധ്യക്ഷന്മാർ മുന്നോട്ടു കൊണ്ടുപോകുന്ന സാഹചര്യത്തിൽ ഇതിനെ തന്ത്രപരമായി എങ്ങനെ നേരിടണമെന്ന കാര്യത്തിൽ ഇൻഡ്യ മുന്നണിയിൽ വ്യക്തതയായിട്ടില്ല. മഴക്കാല പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസത്തിനുശേഷം ഇരുസഭകളിൽനിന്നും വിട്ടുനിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ, പ്രതിപക്ഷത്തെ പുറംവേദികൾ ഉപയോഗപ്പെടുത്തി വിമർശിക്കുകയുമാണ്. പാർലമെന്റിനോടുള്ള തികഞ്ഞ അനാദരവാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ന്യൂഡൽഹി: മണിപ്പൂരിനെ ചൊല്ലി തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയനുമായി നേർക്കുനേർ ഏറ്റുമുട്ടിയ രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ ഇതേ തുടർന്ന് സഭ നടപടികളിലേക്ക് കടക്കാതെ നിർത്തിവെച്ചു. ഡെറിക് സഭയിൽ ‘നടനം’ ശീലമാക്കിയിരിക്കുകയാണെന്നും ഇനിയുമത് വേണ്ടെന്നും ധൻഖർ പറഞ്ഞപ്പോൾ അത്തരം വാക്കുകൾ ഉപയോഗിക്കരുതെന്നും സഭാചട്ടം ഉദ്ധരിക്കുകയാണ് താൻ ചെയ്തതെന്നും പറഞ്ഞ് തൃണമൂൽ എം.പി ഡസ്കിലടിച്ചതാണ് സഭ അവസാനിപ്പിക്കാൻ ധൻഖറിനെ പ്രേരിപ്പിച്ചത്.
അനുവദിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും രാജ്യസഭാ ചട്ടം 267 പ്രകാരം ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നൽകിയതിനെ അധ്യക്ഷൻ വിമർശിച്ചപ്പോൾ പ്രതിപക്ഷത്തിന് വേണ്ടി ഡെറിക് എഴുന്നേറ്റ് നിന്ന് ചോദ്യം ചെയ്തതാണ് ഇരുവരും തമ്മിൽ നേർക്കുനേരെയുള്ള ഏറ്റുമുട്ടലായി മാറിയത്.
മണിപ്പൂർ ചർച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തതിനെ വിമർശിച്ച ഡെറികിനെ പേരെടുത്ത് വിളിച്ച് ‘നടനം’ സഭയിൽ താങ്കൾ ഒരു ശീലമാക്കിയിരിക്കുകയാണെന്നും എപ്പോഴും എഴുന്നേറ്റു നിൽക്കുകയെന്നത് ഒരു വിശേഷാധികാരമായി കാണുകയാണെന്നും ധൻഖർ കുറ്റപ്പെടുത്തി.
ചുരുങ്ങിയത് ചെയറിനോട് ആദരവ് കാണിക്കാനെങ്കിലും തയാറാകണമെന്നും താനെന്തെങ്കിലും പറയുമ്പോഴേക്കും താങ്കൾ നടനം തുടങ്ങുകയാണെന്നും ധൻഖർ കൂട്ടിച്ചേർത്തു. നടനമോ എന്ന് രോഷത്തോടെ തിരിച്ചുചോദിച്ച ഡെറിക് ആ വാക്ക് ഉപയോഗിച്ചതിനെ താൻ എതിർക്കുകയാണെന്ന് അധ്യക്ഷനോട് പറഞ്ഞു. സഭാ ചട്ടങ്ങൾ ഉദ്ധരിക്കുകമാത്രമാണ് താൻ ചെയ്യുന്നത്. അടിയന്തര വിഷയം എന്ന നിലക്ക് മണിപ്പൂരിനെ കുറിച്ച് ചട്ടം 267 പ്രകാരം ഗൗരവ ചർച്ചയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നുകൂടി പറഞ്ഞ് ഡെറിക് കൈകൊണ്ട് ഉറക്കെ ഡസ്കിലടിച്ചു.
അതോടെ കൂടുതൽ രോഷാകുലനായ ധൻഖർ മേശപ്പുറത്ത് അടിക്കേണ്ടെന്നും ഇത് നടനമല്ലെന്നും വീണ്ടും ആവർത്തിച്ചു. ഇത് സഹിക്കാനാവില്ലെന്നും താൻ നേതാക്കളെ വിളിക്കുകയാണെന്നും പറഞ്ഞ് ചെയറിൽനിന്ന് എഴുന്നേറ്റ ധൻഖർ സഭ പിരിയുകയാണെന്ന് പ്രഖ്യാപിച്ച് തന്റെ ചേംബറിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.