താനെ: ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും വില കുറയ്ക്കാനല്ല നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന് കേന്ദ്രമന്ത്രി കപിൽ പാട്ടീൽ അഭിപ്രായപ്പെട്ടു. ആട്ടിറച്ചി 700 രൂപക്കും പിസ 600 രൂപക്കും വാങ്ങുന്ന ജനങ്ങൾക്ക് ഉള്ളി 10 രൂപക്കും ഉരുളക്കിഴങ്ങ് 40 രൂപക്കും വാങ്ങുന്നത് വിലക്കയറ്റമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ കല്യാൺ നഗരത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും മാത്രമാണ് ചില കാര്യങ്ങൾ രാജ്യത്തിന് വേണ്ടി നേടാനായത്. സി.എ.എ അടക്കം നിരവധി ധീരമായ തീരുമാനങ്ങൾ മോദി സർക്കാർ നടപ്പാക്കി. 2024ൽ പാക് അധീന കശ്മീർ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്നാണ് എനിക്ക് തോന്നുന്നത് -പാട്ടീൽ പറഞ്ഞു.
ആരും വിലക്കയറ്റത്തെ അനുകൂലിക്കുന്നില്ല. പക്ഷേ, ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും വില കുറയ്ക്കാനല്ല മോദി പ്രധാനമന്ത്രിയായത്. വിലക്കയറ്റത്തിന് പിന്നിലെ കാരണം മനസ്സിലാക്കിയാൽ ആരും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തില്ല.
ആട്ടിറച്ചി 700 രൂപക്കും പിസ 600 രൂപക്കും വാങ്ങാൻ ജനങ്ങൾക്ക് കഴിയും. എന്നാൽ ഉള്ളി 10 രൂപക്കും ഉരുളക്കിഴങ്ങ് 40 രൂപക്കും വാങ്ങുന്നത് ആളുകൾക്ക് വിലക്കയറ്റമാണെന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.