ചെന്നൈ: നിയുക്ത യു. എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ പ്രസിഡന്‍റ് എം.കെ.സ്റ്റാലിൻ. ഡി.എം.കെയുടെ ദ്രാവിഡ രാഷ്ട്രീയ ആശയങ്ങൾക്ക് കമലയുടെ വിജയം പ്രചോദനം നൽകുന്നതായി സ്റ്റാലിൻ പറഞ്ഞു. കത്തിന്‍റെ പകർപ്പ് സ്റ്റാലിൻ ഫേസ്ബുക്കിൽ പങ്കുവച്ചു.
വണക്കം എന്ന് പറഞ്ഞു തുടങ്ങുന്ന കത്ത് അമേരിക്കയിലെ വൈസ്പ്രസിഡന്‍റിന് തമിഴ് വേരുകളുള്ളതിൽ സംസ്ഥാനം അഭിമാനിക്കുന്നുവെന്ന് പറയുന്നു. അമ്മയുടെ മാതൃഭാഷയിലുള്ള കത്ത് കമലയെ ഏറെ സന്തോഷിപ്പിക്കുമെന്ന് അറിയാമെന്നുള്ളതുകൊണ്ടാണ് കത്തെഴുതാൻ തമിഴ് തെരഞ്ഞെടുത്തതെന്നും സ്റ്റാലിൻ പറയുന്നു.
'കമലാ ഹാരിസിന് തമിഴ് വേരുകളുള്ളതിൽ അഭിമാനിക്കുന്നു. അമ്മ ശ്യാമള ഗോപാലന്റെ മാതൃഭാഷയിൽ ലഭിക്കുന്ന കത്ത് കമലയ്ക്ക് കൂടുതൽ സന്തോഷം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കക്ക് നേട്ടങ്ങൾ സമ്മാനിക്കുന്നതിനൊപ്പം തമിഴ് പാരമ്പര്യവും ലോകത്തിന്റെ നെറുകയിൽ എത്തിക്കണം. കമലയുടെ വരവിനായി തമിഴ്‌നാട് കാത്തിരിക്കുകയാണ്.' സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിൽ സ്റ്റാലിൻ കുറിച്ചു.
തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ തുളസീന്ദ്രപുരമാണ് കമലാ ഹാരിസിന്‍റെ അമ്മ ശ്യാമള ഗോപാലന്‍റെ ജന്മനാട്. കമലാ ഹാരിസിന്‍റെ വിജയം പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് നാട് ആഘോഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.