ഭരണരംഗത്ത് കൂടുതൽ വനിതകൾ കടന്നുവരണം; ലിംഗ വ്യത്യാസം ഒരു തടസമല്ലെന്ന് മിസോറം യുവ എം.എൽ.എ

അയ്സ്വാൾ: ഭരണരംഗത്ത് കൂടുതൽ വനിതകൾ കടന്നുവരണമെന്ന് മിസോറമിലെ യുവ എം.എൽ.എ ബാരിൽ വന്നേയ്‌സംഗി. ഒരു വനിതക്ക് ഇഷ്ടമുള്ളത് ഏറ്റെടുക്കാനും പിന്തുടരാനും ലിംഗ വ്യത്യാസം ഒരു തടസമല്ലെന്ന് വന്നേഹ്‌സംഗി പറഞ്ഞു.

'തങ്ങൾ ഇഷ്ടപ്പെടുന്നതും പിന്തുടരാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് ലിംഗ വ്യത്യാസം തടയുന്നില്ലെന്ന് എല്ലാ സ്ത്രീകളോടും പറയാൻ ആഗ്രഹിക്കുന്നു. സ്ത്രീകൾ ഏത് സമുദായത്തിലായാലും സാമൂഹിക തലത്തിലായാലും അവർക്ക് എന്തെങ്കിലും ഏറ്റെടുക്കണമെങ്കിൽ അത് ചെയ്യുക തന്നെ വേണം' -വന്നേഹ്‌സംഗി ചൂണ്ടിക്കാട്ടി.

നിയമസഭ തെരഞ്ഞെടുപ്പിൽ അയ്സ്വാൾ സൗത്ത് -മൂന്നിൽ നിന്നും സോറം പീപ്പിൾസ് മൂവ്മെന്‍റ് (ഇസഡ്.പി.എം) ടിക്കറ്റിൽ വിജയിച്ച 32കാരിയായ ബാരിൽ വന്നേയ്‌സംഗി ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ്. 9,370 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന്‍റെ (എം.എൻ.എഫ്) എഫ്. ലാൽനുൻമാവിയയെ വന്നേയ്‌സംഗി പരാജയപ്പെടുത്തിയത്.

ബാരിൽ വന്നേയ്‌സംഗിയെ കൂടാതെ രണ്ട് വനിതകൾ കൂടി ഇത്തവണ നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. ഇസഡ്.പി.എമ്മിന്‍റെ തന്നെ സ്ഥാനാർഥിയായ ലാൽറിൻപുയി ലുങ്‌ലീ ഈസ്റ്റിൽ നിന്നും എം.എൻ.എഫ് സ്ഥാനാർഥിയായ പ്രാവോ ചക്മ വെസ്റ്റ് തുയ്പുയിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

മിസോറം സംസ്ഥാനം രൂപീകരിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഇതുവരെ നാലു വനിതകൾ മാത്രമായിരുന്നു എം.എൽ.എമാരായത്. ഇത്തവണ 16 വനിത സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.

Tags:    
News Summary - Mizoram's youngest woman MLA bats for more women in governance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.