പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം; പിതാവ് അറസ്റ്റിൽ

ഗുവാഹത്തി: അസ്സമിലെ കാംരൂപ് മെട്രോ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഇയാൾ കുട്ടിയെ ദീർഘകാലമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. ഇതിനാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. ഏപ്രിൽ 15നാണ് പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ പിതാവ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നും വീട്ടിൽ വെച്ച് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ആരോപിച്ച് കുട്ടിയുടെ അമ്മ രംഗിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

സംഭവസ്ഥലത്തുനിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതിൽ അമ്മയുടെ ആരോപണങ്ങൾ ശരിവെക്കുന്ന കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. `ആത്മഹത്യാക്കുറിപ്പ് തെളിവായി ശേഖരിച്ചിട്ടുണ്ട്, ഇത് അന്വേഷണത്തിന്റെ ഭാഗമാകും. കുറിപ്പിലെ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെങ്കിലും പരാതിയിലെ ആരോപണങ്ങളുമായി അതിന് വ്യക്തമായ സാമ്യമുണ്ട്' ഒരു പൊലീസ് അറിയിച്ചു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഏപ്രിൽ 17ന് പുലർച്ചെയാണ് പൊലീസ് പിന്തുടർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് ആധികാരികത പരിശോധിക്കുന്നതിനായി ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. പ്രാഥമിക നടപടികൾക്ക് പിന്നാലെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അതേസമയം തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പ്രതി നിഷേധിച്ചിരിക്കുകയാണ്. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കവേ `ഞാൻ ഒന്നും ചെയ്തിട്ടില്ല, അവൾ കള്ളം പറഞ്ഞതാണ്' എന്ന് പ്രതി അറിയിച്ചു.

Tags:    
News Summary - Minor girl dies by suicide; father arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.