കുലശേഖരം: പടനിലത്ത് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയായ ശ്രീമൂകാംബിക മെഡിക്കൽ കോളേജ് ഹോസ്റ്റൽ മുറിയിൽ മെഡിക്കൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകൾ രണ്ടാം വർഷ പി.ജി വിദ്യാർഥിനിയായ സുകൃത(27) ആണ് മരിച്ചത്.
വെള്ളിയാഴ്ച ക്ലാസിൽ പോകാതെ ഹോസ്റ്റൽ മുറിയിൽ കഴിഞ്ഞ സുകൃതയെ അന്വേഷിച്ച് സഹപാഠികൾ ക്ലാസ് കഴിഞ്ഞ് എത്തിയതോടെയാണ് ആത്മഹത്യ വിവരം പുറത്തറിയുന്നത്. മുറി പൂട്ടിയ നിലയിലായിരുന്നതിനാൽ വിദ്യാർഥികൾ ഉടനെ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ അധികൃതർ കുലശേഖരം പൊലീസിൽ വിവരം അറിയിച്ചു.
ഇൻസ്പെക്ടർ ബാലമുരുകൻ സ്ഥലത്തെത്തി മുറി തുറന്ന് നോക്കിയപ്പോഴാണ് സുകൃതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശാരി പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മുറിയിൽ നടത്തിയ പരിശോധനയിൽ കുത്തിവെയ്പിന് ഉപയോഗിക്കുന്ന സിറിഞ്ചും മറ്റും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ആത്മഹത്യ കുറിപ്പും ലഭിച്ചിരുന്നു. ഇതിൽ സുകൃതയെ പഠിപ്പിക്കുന്ന മൂന്ന് അധ്യാപകരുടെ പേരുകൾ ഉള്ളതായാണ് വിവരം. ഇതിൽ ഒരാൾ ശാരീരകമായും മാനസികമായും പീഡിപ്പിച്ചുവെന്നും കുറിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച് അന്വേഷിച്ച ശേഷം മാത്രമേ വിഷയത്തിൽ സ്ഥിരീകരണമുണ്ടാകൂ. തക്കല ഡി.എസ്.പി ഉദയസൂര്യൻ കോളേജിലെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.