ന്യൂഡൽഹി: രാജ്യത്ത് മാവോയിസ്റ്റ് ഭീഷണി ഒഴിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റിന്റെ അവസാന കോട്ടയായ ഛത്തീസ്ഗഢിലെ ബസ്തർ ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. മാവോയിസ്റ്റ് ഭീഷണി മാർച്ച് 31ന് മുമ്പ് തുടച്ചുനീക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാവോയിസം ഇപ്പോൾ നാശത്തിന്റെ വക്കിലാണെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. ബസ്തറിൽനിന്ന് മാവോയിസം പൂർണമായും തുടച്ചുനീക്കി.
ബസ്തറിലെ ഓരോ ഗ്രാമത്തിലും സ്കൂൾ സ്ഥാപിക്കുന്നതിനായി നടപടി ആരംഭിച്ചു. മേഖലയിലെ ഓരോ ഗ്രാമത്തിലും റേഷൻകടകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും സ്ഥാപിച്ചു. ജനങ്ങൾക്ക് ആധാർ കാർഡുകളും റേഷൻ കാർഡുകളും നൽകിയെന്നും അമിത്ഷാ. ചുവപ്പ് ഭീകരതയുടെ നിഴൽ പതിഞ്ഞതു കൊണ്ടാണ് ബസ്തറിലെ ജനങ്ങൾ പിന്നിലാക്കപ്പെട്ടത്. അതുകൊണ്ടാണ് വികസനം അവരിലേക്ക് എത്താതിരുന്നത്. ഇന്ന് ആ നിഴൽ നീങ്ങി.
മാവോയിസ്റ്റുകൾ ആയുധങ്ങൾ താഴെ വെയ്ക്കണം. അങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കും. ആയുധം ഉപേക്ഷിക്കുന്നവരുമായി ചർച്ചക്ക് തയാറാണ്. അക്രമത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവർക്ക് ശക്തമായ മറുപടി നൽകുമെന്നും അമിത് ഷാ പറഞ്ഞു.
ബസ്തർ വനമേഖലയിൽ മുമ്പ് തലക്ക് 25 ലക്ഷം രൂപ വിലയിട്ട പിടികിട്ടാപ്പുള്ളിയും മാവോയിസ്റ്റ് നേതാക്കളിൽ ഒരാളുമായ പാപ്പ റാവു അനുയായികൾക്കൊപ്പം ബിജാപൂർ ജില്ല ആസ്ഥാനത്ത് കീഴടങ്ങിയിരുന്നു. മാവോയിസ്റ്റുകളെ തുടച്ചുനീക്കുന്നതിനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ഈ നീക്കം. എ.കെ. 47 ഉൾപ്പെടെയുള്ള ആയുധങ്ങളും കൈമാറി. മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യ സ്പെഷൽ സോണൽ കമ്മിറ്റിയിൽ ഉയർന്ന പദവി വഹിച്ചിരുന്നു ഇയാൾ. ഇയാൾ കീഴടങ്ങിയതോടെ മേഖലയിലെ പ്രധാന നേതാക്കൾ ആരും ഇനിയില്ലെന്നാണ് സർക്കാർ വൃത്തങ്ങൽ നൽക്കുന്ന വിവരം.
ഒഡീഷയിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡറെ സംയുക്ത സേന വധിച്ചു. റാംപ വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ബി.എസ്.എഫ്, സി.ആർ.പി.എഫ് സേന നടത്തിയ നീക്കത്തിൽ രണ്ടു വനിതകളുൾപ്പെടെ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇതിൽ ഉയികെ എന്നായാളുടെ തലക്ക് 1.1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രാവിലെ ഒമ്പത് മണിയോടെ റാംപ വനമേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഉച്ചയോടെ സേന ഗണേഷേ ഉയികെ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവരുടെ കൈയൽനിന്നും ആധുനിക ആയുധങ്ങളും കണ്ടെത്തിയിരുന്നു. തെലങ്കാനയിലെ നൽഗൊണ്ടയിൽ നിന്നുള്ള മാവോയിസ്റ്റ് നേതാവാണ് ഗണേഷ് ഉയികെ. 40 വർഷമായി മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഉയികെക്ക് മാവോയിസ്റ്റ് പ്രസ്ഥാനം കിഴക്കൻ മേഖലയിലേക്ക് വ്യാപിപ്പിച്ചതിൽ പ്രധാന പങ്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.