റായ്പുര്‍: ഛത്തിസ്ഗഢിലെ സുക്മയില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു.
ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. നക്സലുകള്‍ക്ക് വന്‍ സ്വാധീനമുള്ള മേഖലയിലാണ് സി.ആര്‍.പി.എഫ് സംഘത്തിനുനേരെ ആക്രമണമുണ്ടായത്. ഇന്‍സ്പെക്ടര്‍ ജഗജിത് സിങ്, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എച്ച്.ബി. ഭട്ട്, നരേന്ദര്‍ കുമാര്‍ സിങ്, ഹെഡ് കോണ്‍സ്റ്റബ്ള്‍മാരായ പ്രസാദ് വിഷ്ണോയ്, പി.ആര്‍. മിന്‍ഡെ, കോണ്‍സ്റ്റബ്ള്‍മാരായ മങ്കേഷ് പാല്‍ പാണ്ഡെ, രാംപാല്‍ സിങ് യാദവ്, ഗൊരക്നാഥ്, നന്ദകുമാര്‍ പാത്ര, സതീഷ് കുമാര്‍ വര്‍മ, കെ. ശങ്കര്‍, സുരേഷ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബ്ള്‍മാരായ ജയ്ദേവ് പര്‍മാണിക്, സലീം എന്നിവര്‍ക്കാണ് ഗുരുതര പരിക്ക്. പരിക്കേറ്റവരെ ഹെലികോപ്ടറില്‍ ഭേജിയിലെ സി.ആര്‍.പി.എഫ് ആശുപത്രിയില്‍ എത്തിച്ചു.തലസ്ഥാനമായ റായ്പുരില്‍നിന്ന് 450 കിലോമീറ്റര്‍ അകലെ ഭേജി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കോട്ടാച്ചെരു ഗ്രാമത്തിന് സമീപമുള്ള കൊടുംകാട്ടില്‍ ശനിയാഴ്ച രാവിലെ 9.15ഓടെയാണ് സംഭവം. സി.ആര്‍.പി.എഫിന്‍െറ 219ാം ബറ്റാലിയനിലെ 112 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇന്‍സാസ്, എ.കെ ശ്രേണിയിലുള്ള റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും രണ്ട് റേഡിയോ സെറ്റുകളും കൊല്ലപ്പെട്ട സൈനികരില്‍നിന്ന് ആക്രമികള്‍ തട്ടിയെടുത്തു. ഭേജിക്കും കോട്ടാച്ചെരുവിനും ഇടയിലുള്ള റോഡ് തുറക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു സി.ആര്‍.പി.എഫ് ജവാന്മാര്‍. സ്ഫോടനം നടത്തിയും വെടിയുതിര്‍ത്തുമാണ് നൂറോളം മാവോവാദികള്‍ ആക്രമണം നടത്തിയത്.
ജവാന്മാര്‍ തിരിച്ചടിച്ചെങ്കിലും 12 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ സുദീപ് ലഖ്താകിയ പറഞ്ഞു. പ്രദേശത്ത് സി.ആര്‍.പി.എഫ് സാന്നിധ്യം വര്‍ധിപ്പിച്ചതില്‍ പ്രകോപിതരായ മാവോവാദികള്‍ സാധാരണ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായും അദ്ദേഹം ചര്‍ച്ച നടത്തി. രാജ്നാഥ് സിങ് സുക്മയില്‍ സന്ദര്‍ശനം നടത്തും. ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് ആക്രമണത്തെ അപലപിച്ചു. ആക്രമണത്തെ ഭീരുത്വമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സി.ആര്‍.പി.എഫ് മേധാവിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തത്തെി. ദക്ഷിണ ബസ്തര്‍ മേഖലയില്‍പെട്ട ഭേജി മാവോവാദി ആക്രമണങ്ങള്‍ക്ക് കുപ്രസിദ്ധമാണ്. മുന്‍കാലങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ നിരവധി സുരക്ഷ സൈനികര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.