കമൽഹാസൻ

'നിരവധി വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു'; നീറ്റിനെതിരെ രൂക്ഷ വിമർശനവുമായി കമൽഹാസൻ

ചെന്നൈ: നീറ്റ് പരീക്ഷക്കെതിരെ രൂക്ഷ വിമർശനവുമായി നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽഹാസൻ. 'സ്വേച്ഛാധിപത്യത്തിന്റെയും സനാതന പ്രത്യയശാസ്ത്രത്തിന്റെയും ചങ്ങലകൾ പൊട്ടിക്കാൻ' വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ. എന്നാൽ നീറ്റ് പ്രവേശന പരീക്ഷ വിദ്യാർഥികളിൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും ഇത് നിരവധി കുട്ടികൾക്ക് വിദ്യാഭ്യസം നിഷേധിക്കപ്പെട്ടു എന്നും കമൽഹാസൻ പറഞ്ഞു. നടൻ സൂര്യയുടെ 'അഗരം ഫൗണ്ടേഷന്റെ' 15-ാം വാർഷികാഘോഷത്തിൽ സംസാരിക്കവെയാണ് നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയെയും തമിഴ്‌നാട്ടിലെ അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ അതിന്റെ സ്വാധീനത്തെയും കമൽഹാസൻ ശക്തമായി വിമർശിച്ചത്.

'2017 മുതൽ നീറ്റ് പ്രവേശന പരീക്ഷ നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചു. അഗരം ഫൗണ്ടേഷന് പോലും ഇതിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. നിയമത്തിൽ ഭേദഗതി നൽകാനുള്ള ശക്തി വിദ്യാഭ്യാസത്തിന് മാത്രമേ കഴിയൂ. ഈ യുദ്ധത്തിൽ വിദ്യാഭ്യാസം വെറുമൊരു ആയുധമല്ല, മറിച്ച് രാഷ്ട്രീയമെന്ന ശിൽപത്തെ മൂർച്ചകൂടാനുള്ള ഉളിയായി നാം അതിനെ കാണണമെന്ന്' കമൽഹാസൻ പറഞ്ഞു.

തമിഴ്‌നാട്ടിൽ മെഡിക്കൽ പ്രവേശനത്തിന് നീറ്റ് സമ്പ്രദായത്തിനെതിരായ എതിർപ്പ് തുടരുന്നതിനിടെയാണ് കമൽഹാസന്റെ ഇത്തരമൊരു പ്രസ്താവന. സ്വകാര്യ നീറ്റ് പ്രവേശന കോച്ചിങ് താങ്ങാൻ കഴിയുന്ന സമ്പന്ന നഗര പശ്ചാത്തലത്തിലുള്ള വിദ്യാർഥികൾക്ക് നീറ്റ് അനുപാതമില്ലാതെ അനുകൂലമാണെന്നും ഉയർന്ന ബോർഡ് മാർക്കുളള ഗ്രാമീണ, സർക്കാർ സ്‌കൂൾ വിദ്യാർഥികളെ കടുത്ത പ്രതികൂല സാഹചര്യത്തിലാക്കുന്നുവെന്നും സംസ്ഥാനം വാദിക്കുന്നുണ്ട്. ഈ സാഹചര്യത്തിലും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നീറ്റിനെ ന്യായീകരിക്കുകയാണ്. മെഡിക്കൽ സീറ്റുകളുടെ ലേലം തടയുകയും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വളരെ താഴ്ന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള 6,000ത്തിലധികം വിദ്യാർഥികൾ അഗരം ഫൗണ്ടേഷനിൽ നിന്നും വിദ്യാഭ്യാസം നേടി മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പലരും അനാഥരായിരുന്നു. എന്നാൽ ഇന്ന് ഞങ്ങളുടെ പൂർവ്വ വിദ്യാർഥികൾ സഹാനുഭൂതിയോടെയും സാമൂഹിക അവബോധത്തോടെയും മറ്റു കുട്ടികളെയും ചേർത്തുപിടിച്ച് ഈ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നെന്ന അഗരം ഫൗണ്ടേഷന്റെ സ്വാധീനത്തെക്കുറിച്ച് നടൻ സൂര്യ പറഞ്ഞു.

2023-ൽ, തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ 'സനാതന ധർമ്മ'ത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. 'കൊതുകുകൾ മൂലമുണ്ടാകുന്ന രോഗങ്ങൾ' എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇതിനെതിരെ ദേശീയതലത്തിൽ വലിയ പ്രതിഷേധം ഉയർന്നപ്പോൾ പ്രതിഷേധങ്ങൾക്ക് മറുപടിയായി 'ഇത് ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് തുല്യമാണെന്നാണ്' ഉദയനിധി സ്റ്റാലിൻ മറുപടി പറഞ്ഞു.

Tags:    
News Summary - 'Many students have been denied education'; Kamal Haasan strongly criticizes NEET

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.