ന്യൂഡൽഹി: മദ്യനയ കേസിൽ സി.ബി.ഐയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഫെബ്രുവരി അവസാനത്തോടെ ചോദ്യം ചെയ്യലിന് ഹാജരാവാമെന്ന് മനീഷ് സിസോദിയ അറിയിച്ചു. ഡൽഹി ധനമന്ത്രിയെന്ന നിലയിൽ ബജറ്റ് തയാറാക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് ചോദ്യം ചെയ്യൽ തീയതി മാറ്റണമെന്ന് അഭ്യർഥിച്ചത്. അന്വേഷണ ഏജൻസികളോട് സഹകരിക്കുന്ന ആളാണ് താനെന്നും സിസോദിയ പറഞ്ഞു.
ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സിസോദിയക്ക് നോട്ടീസ് നൽകിയിരുന്നു. ചാർജ്ഷീറ്റ് സമർപ്പിച്ച് മൂന്ന് മാസത്തിന് ശേഷമാണ് സി.ബി.ഐ സിസോദിയയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പുതിയ തെളിവുകൾ ലഭിച്ചതിന്റെ പശ്ചാതലത്തിലാണ് സിസോദിയയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് സി.ബി.ഐ വിശദീകരണം. അറസ്റ്റ് ചെയ്യപ്പെട്ട വ്യവസായികളായ വിജയ് നായർ, അഭിഷേക് എന്നിവരുൾപ്പടെ ഏഴ് പ്രതികളാണ് മദ്യനയ കേസിലുള്ളത്.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സി.ബി.ഐയേയും ഇ.ഡിയേയും തന്നെ വേട്ടയാടാനായി അഴിച്ചുവിട്ടിരിക്കുകയാണെന്ന ആരോപണം മനീഷ് സിസോദിയ കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു. സി.ബി.ഐയും ഇ.ഡിയും നിരവധി തവണ തന്റെ വീട് റെയ്ഡ് ചെയ്തിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നും സിസോദിയ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.