ക്ഷേത്ര ഉത്സവത്തിൽ വീണ്ടും മുസ്‍ലിം വ്യാപാരികളെ വിലക്കി വി.എച്ച്.പി; ബാനർ മാറ്റി പൊലീസ്

ബം​ഗളൂരു: മംഗളൂരു സിറ്റിക്കടുത്തെ കാവുരുവിന് പിന്നാലെ കർണാടകയിലെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച മേളക്കും മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്. കദ്രിയിലെ ശ്രീ മഞ്ജുനാഥ ക്ഷേത്ര പരിസരത്താണ് വി.എച്ച്.പിയും ബജ്രം​ഗ്ദളും മുസ്‌ലിം കച്ചവടക്കാർക്ക് പ്രവേശനമില്ലെന്ന ബാനറുകൾ സ്ഥാപിച്ചത്.

ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന്റെ പരിസരത്ത് കച്ചവടം നടത്തുന്നതിൽ നിന്നാണ് ഒരു വിഭാ​ഗം വ്യാപാരികളെ വിലക്കി സംഘ്പരിവാർ സംഘടനകൾ രം​ഗത്തെത്തിയത്. എന്നാൽ ബോർഡുകൾ വിവാദമായതോടെ അവ തങ്ങൾ നീക്കിയതായി പൊലീസ് അറിയിച്ചു. ജനുവരി 15ന് ആരംഭിച്ച് 21 വരെ നടക്കുന്ന ക്ഷേത്രോത്സവ മേളയിലാണ് മുസ്‌ലിം വ്യാപാരികളെ ബഹിഷ്കരിച്ചത്.

വിഗ്രഹാരാധനയെ എതിർക്കുന്നവർക്ക് ആരാധനാലയത്തിന് സമീപമുള്ള മേളയിൽ കച്ചവടത്തിലും വ്യാപാരത്തിലും ഏർപ്പെടാൻ കഴിയില്ലെന്ന് ബാനറിൽ പറയുന്നു. ഹിന്ദു മതത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന വ്യാപാരികൾക്ക് മാത്രമേ അവരുടെ കച്ചവടവും വ്യാപാരവും തുടരാൻ അനുവദിക്കൂ എന്നും ബാനറുകളിൽ വ്യക്തമാക്കിയിരുന്നു.

ക്ഷേത്ര ഭരണസമിതിയുടെ അം​ഗീകാരത്തോടെയായിരുന്നില്ല ഈ ബാനറുകൾ സ്ഥാപിച്ചത്.സമാധാനവും സൗഹാർദവും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് ബാനറുകൾ നീക്കം ചെയ്തത്. എന്നാൽ ബാനറുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം, മംഗളൂരു സിറ്റിക്കടുത്തെ കാവുരുവിലെ ശ്രീ മഹാലിം​ഗേശ്വര ക്ഷേത്രോത്സവത്തോടനുബന്ധിച്ചും മുസ്‌ലിം വ്യാപാരികൾക്കെതിരെ ബഹിഷ്കരണ ബാനറുകൾ സ്ഥാപിച്ചിരുന്നു. ജനുവരി 14 മുതൽ 18 വരെ നടന്ന ഉത്സവത്തിൽ നിന്നാണ് മുസ്‌ലിം വ്യാപാരികളെ വിലക്കിയത്. സംഘ്പരിവാർ സംഘടനകളായ വി.എച്ച്.പിയും ബജ്രം​ഗ്​ദളുമാണ് അവിടെയും ബഹിഷ്കരണ ബാനറുകൾ സ്ഥാപിച്ചത്.

ബി.ജെ.പി എം.എൽ.എ ഭരത് ഷെട്ടിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇതാദ്യമായല്ല ഇത്തരം വിലക്ക്. മുമ്പും കർണാടകയുടെ വിവിധയിടങ്ങളിലെ ക്ഷേത്രങ്ങളിൽ ഉത്സവത്തിന് കച്ചവടം നടത്താൻ മുസ്‌ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തിയത് വിവാദമായിരുന്നു.

Tags:    
News Summary - Mangaluru cops remove banners calling for boycott of Muslim traders at Kadri temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.