40 ദിവസത്തിനിടെ ഏഴാം തവണയും പാമ്പുകടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ; ഒമ്പതാം തവണ കടിയേറ്റാൽ മരണമെന്ന് സ്വപ്നം

ലഖ്നോ: 40 ദിവസത്തിനിടെ ഏഴാം തവണയും പാമ്പുകടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ഐ.സി.യുവിൽ ചികിത്സയിൽ. യു.പിയിലെ ഫത്തേപ്പൂരിലാണ് സംഭവം. സൗർവ ഗ്രാമത്തിലെ വികാസ് ദുബെ എന്ന യുവാവിനാണ് തുടർച്ചയായ പാമ്പുകടിയേറ്റത്. ആരോഗ്യനില അങ്ങേയറ്റം അപകടാവസ്ഥയിലാണെന്ന് ഡോക്ടർമാർ പറയുന്നു.

അതേസമയം, തുടർച്ചയായി പാമ്പുകടിയേൽക്കുമെന്ന കാര്യം വികാസ് സ്വപ്നം കണ്ടിരുന്നുവെന്നാണ് ഇയാളുടെ കുടുംബം പറയുന്നത്. സ്വപ്നത്തിൽ ഒരു പാമ്പ് മുന്നറിയിപ്പ് നൽകിയത്രെ. ഒമ്പതാമത്തെ തവണ പാമ്പുകടിക്കുന്നത് മരണകാരണമാകുമെന്നും പറഞ്ഞുവെന്ന് കുടുംബം പറയുന്നു.

ജൂൺ രണ്ടിനാണ് വികാസിനെ ആദ്യമായി പാമ്പുകടിച്ചത്. വീട്ടിനുള്ളിൽ വെച്ചായിരുന്നു ഇത്. ആശുപത്രിയിൽ ചികിത്സക്ക് ശേഷം വീട്ടിലെത്തി. ജൂൺ 10ന് വീണ്ടും പാമ്പുകടിയേറ്റു. ജൂൺ 17നും പാമ്പുകടിച്ചു. നാലാംതവണ കടിയേറ്റതിന് പിന്നാലെ വികാസ് രാധാനഗറിലുള്ള ബന്ധുവീട്ടിലേക്ക് താമസം മാറി. എന്നാൽ, അവിടെ വെച്ചും കടിയേറ്റു. ഇതോടെ വീണ്ടും വീട്ടിലേക്ക് തന്നെ വന്നു. ജൂലൈ ആറിന് വീണ്ടും പാമ്പുകടിച്ചു. ഇതേത്തുടർന്ന് ബന്ധുവീടുകളിൽ മാറിത്താമസിച്ചിട്ടും ഫലമുണ്ടായില്ല. ഏറ്റവുമൊടുവിൽ ജൂലൈ 11ന് ഏഴാംതവണയും പാമ്പുകടിയേറ്റു.

തുടർച്ചയായ പാമ്പുകടിയേൽക്കുന്നതിൽ ചികിത്സക്ക് സർക്കാറിന്‍റെ സഹായം തേടിയിരിക്കുകയാണ് കുടുംബം. ഒമ്പതാംതവണ കടിയേൽക്കുന്നത് മരണകാരണമാകുമെന്ന് സ്വപ്നംകണ്ടതായി പറയുന്ന വീട്ടുകാർ, ഇതോടെ കൂടുതൽ ഭയന്നിരിക്കുകയാണ്. 

Tags:    
News Summary - Man in Critical Condition After Snake Bites Him for Seventh Time in 40 Days in Fatehpur,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.