മമതയും കെജ്രിവാളും കൂടിക്കാഴ്ച നടത്തി; ഇൻഡ്യ മുന്നണി യോഗത്തിന് മുന്നോടിയായി നിർണായക ചർച്ച

ന്യൂഡൽഹി: ഇൻഡ്യ മുന്നണി യോഗത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ആം ആദ്മി പാർട്ടി (ആപ്) കൺവീനർ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. ഇൻഡ്യ മുന്നണി യോഗത്തിൽ ആപ് പങ്കെടുക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇരു നേതാക്കളും തമ്മിലുള്ള ഈ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.

ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച വളരെ ‘സൗഹാർദപരമായിരുന്നുവെന്ന്’ തൃണമൂൽ കോൺഗ്രസ് അറിയിച്ചു. മുന്നണിയുടെയും പ്രതിപക്ഷ ഐക്യത്തിന്റെയും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ളവിപുലമായ ചർച്ചകൾ ഇരുവരും നടത്തിയെന്നും പാർട്ടി വ്യക്തമാക്കി. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇന്ത്യ മുന്നണിയിലെ 23 രാഷ്ട്രീയ പാർട്ടികളുടെ യോഗം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ഈ കൂടിക്കാഴ്ച. സമീപകാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസും ഡി.എം.കെയും ഉൾപ്പെടെയുള്ള പ്രധാന കക്ഷികൾക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ, ബി.ജെ.പിയെ നേരിടാനുള്ള പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.

2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് ഐക്യത്തിനും മികച്ചൊരു ഭാവിക്കുമായി തൃണമൂൽ ആഹ്വാനം ചെയ്തു. അതേസമയം, ഇൻഡ്യ മുന്നണിയിൽ നിലനിൽക്കുന്ന ഭിന്നതകൾ രൂക്ഷമായി തുടരുകയാണ്. തമിഴ്നാട്ടിൽ കോൺഗ്രസ് ‘വഞ്ചന’ കാട്ടിയെന്ന് ആരോപിച്ച് ഡി.എം.കെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിൽ ഇടതുപക്ഷം ബി.ജെ.പിയുമായി ഒത്തുകളിച്ചെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണത്തിൽ സി.പി.എം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇൻഡ്യ മുന്നണിയുടെ ഭാഗമല്ലെന്ന് മാസങ്ങൾക്ക് മുമ്പ് ആപ് പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ തിങ്കളാഴ്ചത്തെ യോഗത്തിൽ ആപ് പങ്കെടുക്കാൻ സാധ്യത കുറവാണ്.

എന്നാൽ, ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുകയാണ്. മമതയും കെജ്രിവാളും തമ്മിലുള്ള ഇന്നത്തെ കൂടിക്കാഴ്ചയിൽ ഇൻഡ്യ മുന്നണി യോഗത്തെക്കുറിച്ചോ ഭാവിയിലെ പ്രതിപക്ഷ ഏകോപനത്തെക്കുറിച്ചോ ചർച്ചകൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

തൃണമൂൽ പാർലമെന്റിലെ പാർട്ടി അംഗങ്ങൾക്കിടയിൽ ഉടലെടുത്തിരിക്കുന്ന ഭിന്നതയും പിളർപ്പിനുള്ള സാധ്യതകളും ചർച്ചയാകുന്നതിനിടെയാണ് മമതയുടെ ഡൽഹി സന്ദർശനം എന്നത് ശ്രദ്ധേയമാണ്.

മമതക്കൊപ്പം രാജ്യസഭാംഗം ഡോള സെൻ, ലോക്സഭാംഗം കല്യാൺ ബാനർജി എന്നിവരുമുണ്ട്. പിളർപ്പ് ഭീഷണി മുൻകൂട്ടി കണ്ട് സ്ഥിതിഗതികൾ വിലയിരുത്താൻ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ശനിയാഴ്ച തന്നെ ഡൽഹിയിലെത്തിയിരുന്നു.

പശ്ചിമ ബംഗാൾ നിയമസഭയിലെ തൃണമൂലിന്റെ നിയമസഭാ കക്ഷിയിൽനിന്ന് കഴിഞ്ഞയാഴ്ച വലിയൊരു വിഭാഗം നേതാക്കൾ പുറത്തുപോയിരുന്നു. പാർട്ടിയിലുണ്ടായ ഈ വലിയ തിരിച്ചടിക്ക് പിന്നാലെ, സമാനമായ നീക്കം പാർലമെന്റിലും നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേതൃത്വത്തെ ആശങ്കയിലാക്കുന്നു.

നിയമസഭയിലെ 80 എം.എൽ.എമാരിൽ 58 പേരും പാർട്ടി വിട്ട് പുറത്തായ റിതബ്രത ബാനർജിയുടെ നേതൃത്വത്തിൽ പുതിയ പ്രതിപക്ഷ ബ്ലോക്ക് രൂപവത്കരിച്ചിരുന്നു. ഇത് മമത ബാനർജിക്ക് കനത്ത തിരിച്ചടിയായിരുന്നു.

ഇതേ മാതൃകയിൽ പാർലമെന്റിലെ തൃണമൂൽ അംഗങ്ങളെയും അടർത്തിയെടുക്കാൻ വിമത പക്ഷം ശ്രമം നടത്തുന്നതായാണ് വിവരം. ഇക്കാര്യം വിമത എം.എൽ.എയും പുതിയ നിയമസഭാ കക്ഷി ഡെപ്യൂട്ടി ലീഡറുമായ സന്ദീപൻ സാഹയും സ്ഥിരീകരിക്കുന്നു.

കഴിഞ്ഞ മാസം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ അഭിഷേക് ബാനർജിയുടെ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

നിലവിൽ ലോക്സഭയിൽ 28 ഉം രാജ്യസഭയിൽ 13 ഉം അംഗങ്ങളാണ് തൃണമൂലിനുള്ളത്. കൂറുമാറ്റ നിരോധന നിയമപ്രകാരം, പാർലമെന്ററി പാർട്ടിയിൽനിന്ന് പിളർന്നുപോകണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം (19 എം.പിമാർ) അനിവാര്യമാണ്. ഈ സാഹചര്യം കണക്കിലെടുത്ത്, പാർട്ടിയെ ഒന്നിച്ച് നിർത്താനുള്ള തീവ്രശ്രമത്തിലാണ് മമതയും നേതൃത്വവും.

Tags:    
News Summary - Mamata, Kejriwal Hold Crucial Meet Ahead of INDIA Bloc Meeting Amid Opposition Rift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.